Entertainment Features Homepage Featured

മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ടും രക്ഷിക്കാനായില്ലേ? ‘ചത്താ പച്ച’ കണക്കുകള്‍ ഇങ്ങനെ

ബോക്‌സ്ഓഫീസില്‍ പ്രതീക്ഷിച്ച രീതിയില്‍ നേട്ടം കൊയ്യാന്‍ സാധിക്കാതെ ‘ചത്താ പച്ച’. മമ്മൂട്ടി കാമിയോ വേഷത്തിലെത്തിയിട്ടും ചിത്രത്തിനു പ്രേക്ഷകരുടെ തള്ളിക്കയറ്റം ഇല്ലെന്നാണ് ബോക്‌സ്ഓഫീസ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ജനുവരി 22 നു തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 3.4 കോടി കളക്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ചിത്രത്തിനു കളക്ഷന്‍ കുറയുന്ന കാഴ്ചയാണ് കണ്ടത്. ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 12.71 കോടിയാണ്. വേള്‍ഡ് വൈഡ് കളക്ഷന്‍ 25 കോടി കടന്നിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച 2.15 കോടിയും ഞായറാഴ്ച 2.7 കോടിയും ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് നേടിയിരുന്നു. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ച ഇത് രണ്ട് കോടിയേക്കാള്‍ കുറഞ്ഞു. സാമ്പത്തികമായി ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിക്കുമെങ്കിലും വലിയ ലാഭത്തിലേക്ക് എത്തില്ലെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബുള്ളറ്റ് വാള്‍ട്ടര്‍ എന്ന കാമിയോ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. WWE റെസ്ലിങ്ങില്‍ ആകൃഷ്ടരായി നാട്ടില്‍ കോസ്റ്റ്യൂം ഗുസ്തി നടത്തുന്ന മട്ടാഞ്ചേരിയിലെ യുവാക്കളുടെ കഥയാണ് ‘ചത്താ പച്ച’ പറയുന്നത്.

അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. വിശാഖ് നായരാണ് വില്ലന്‍. ചിത്രത്തില്‍ പത്ത് മിനിറ്റില്‍ താഴെയാണ് മമ്മൂട്ടിയുടെ സ്‌ക്രീന്‍ടൈം. മമ്മൂട്ടിയുടെ കഥാപാത്രം മോശമായെന്ന തരത്തില്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. മമ്മൂട്ടിക്കു നല്‍കിയ കോസ്റ്റ്യൂം അടക്കം പാളിപ്പോയെന്നാണ് പ്രധാന വിമര്‍ശനം.

Related Posts