Entertainment Features Homepage Featured

കാലത്തിന്റെ അവഗണനയും തോറ്റു; മമ്മൂട്ടിയെ ‘കിട്ടിയ’ പത്മഭൂഷണ്‍

ത്മഭൂഷണ്‍ കിട്ടിയത് മമ്മൂട്ടിക്കല്ല, മമ്മൂട്ടിയെ കിട്ടിയത് പത്മഭൂഷണിനാണ് ! ഇനിയും വൈകിയിരുന്നെങ്കില്‍ അവഗണനയ്ക്കുമപ്പുറം മമ്മൂട്ടിയോടുള്ള കടുത്ത നീതികേടാകുമായിരുന്നു അത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെയാണ് ‘മമ്മൂട്ടിക്കു പത്മഭൂഷണ്‍’ എന്ന പ്രഖ്യാപനം എത്തുന്നത്. തുടര്‍ച്ചയായ അവഗണനകളുടെ കാഠിന്യം അല്‍പ്പമൊന്നു ലഘൂകരിക്കാന്‍ ഇങ്ങനെയൊരു കൗതുകമെങ്കിലും വേണ്ടേ?

മമ്മൂട്ടിക്കു പത്മഭൂഷണ്‍ കിട്ടിയ സന്തോഷവാര്‍ത്ത സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്തോഷത്തോടെ പ്രഖ്യാപിക്കുന്നുണ്ട്. അതിനൊപ്പം മലയാളത്തിലെ ഏറ്റവും വലിയ നടനെ വര്‍ഷങ്ങളായി അവഗണിച്ചതിലുള്ള വിയോജിപ്പും മുഖ്യമന്ത്രി പരസ്യമാക്കി.

‘ അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക്, ഞങ്ങള്‍ക്കെന്നു പറഞ്ഞാല്‍ കേരളത്തിലെ മന്ത്രിസഭയ്ക്കു ഇപ്പോഴെങ്കിലും ആ സന്തോഷത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞതിലും നല്ല സന്തോഷമുണ്ട്. കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പത്മഭൂഷണ്‍ മമ്മൂട്ടിക്കു നല്‍കണമെന്ന ശുപാര്‍ശ ഞങ്ങള്‍ ഇങ്ങനെ നല്‍കികൊണ്ടിരിക്കുകയായിരുന്നു. എല്ലാറ്റിനും അതിന്റേതായ കാലമുണ്ടല്ലോ. ഏതായാലും ഇപ്പോഴെങ്കിലും അത് നല്‍കി എന്നത് വലിയ സന്തോഷകരമായ കാര്യമാണ്,’ പിണറായി വിജയന്‍ പറഞ്ഞു.

1998 ലാണ് മമ്മൂട്ടിക്കു പത്മശ്രീ ലഭിക്കുന്നത്. പത്മശ്രീയില്‍ നിന്ന് പത്മഭൂഷണിലേക്കു 28 വര്‍ഷത്തിന്റെ ദൂരമെടുത്തു ! നടനെന്ന നിലയില്‍ പത്മശ്രീക്കു ശേഷം മമ്മൂട്ടി താണ്ടിയ കാതങ്ങള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണ്. രണ്ടായിരത്തില്‍ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത് പ്രാദേശിക ഭാഷയ്ക്കു പുറത്തുള്ള സിനിമയില്‍ അഭിനയിച്ചാണ്, സിനിമ ഡോ.ബാബാസാഹേബ് അംബേദ്കര്‍. രാജ്യത്തു ഒരു നടനു ലഭിക്കുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ നേട്ടങ്ങളില്‍ ഒന്നായിരുന്നു അത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ നടനെന്ന ഖ്യാതിയും ഇക്കാലയളവില്‍ മമ്മൂട്ടിക്കു സ്വന്തമായിരുന്നു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം, മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങി നേട്ടങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു മമ്മൂട്ടി. അപ്പോഴും പത്മഭൂഷണ്‍ കൊടുക്കാനുള്ള യോഗ്യത കേന്ദ്രം കണ്ടില്ല, കണ്ടില്ലെന്നു നടിച്ചു. അതുകൊണ്ടാണ് മമ്മൂട്ടിക്കു പത്മഭൂഷണ്‍ എന്നല്ല പത്മഭൂഷണു മമ്മൂട്ടിയെ കിട്ടിയെന്നു പറയുന്നത്.

പുരസ്‌കാരങ്ങളിലോ താരപ്പൊലിമയിലോ മമ്മൂട്ടിയെന്ന നടന്‍ കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. കാരണം ഒരു നല്ല നടന്‍ എന്നതിലുപരി മറ്റൊരു വിശേഷണവും അയാളെ ഭ്രമിപ്പിക്കുന്നില്ല.

1981 ലാണ് മമ്മൂട്ടിക്കു ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. അഹിംസയിലെ അഭിനയത്തിനു മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടി മത്സരിച്ചഭിനയിച്ചാണ് പിന്നീടുള്ള ഓരോ പുരസ്‌കാരങ്ങളിലും കൈയൊപ്പ് ചാര്‍ത്തിയത്. അങ്ങനെ മത്സരിച്ചു മത്സരിച്ചു ഇന്ത്യയുടെ മൂന്നാമത്തെ വലിയ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണിനെയും മമ്മൂട്ടി തോല്‍പ്പിച്ചിരിക്കുന്നു. തേച്ചാല്‍ ഇനിയും മിനുങ്ങുമെന്ന് ഉറപ്പുള്ള മമ്മൂട്ടിയെ തേടി ഇനിയും പുരസ്‌കാരങ്ങള്‍ എത്തട്ടെ, മഹാനടനു അഭിനന്ദനങ്ങള്‍, ആശംസകള്‍..!

Related Posts