ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. L367 എന്നാണ് ചിത്രത്തിന് താത്കാലികമായി പേര് നൽകിയിരിക്കുന്നത്. “മേപ്പടിയാൻ” എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കിയ സംവിധായകൻ വിഷ്ണു മോഹൻ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ അണിനിരക്കുന്നതാണ് ചിത്രം. ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ സിനിമകളിൽ ഒന്നായിരിക്കും L367. ഉടൻ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ചിത്രത്തിന്റെ താരനിര, സാങ്കേതിക സംഘം എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വരും.
വമ്പൻ കാൻവാസിൽ ഒരുക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ- ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരും എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തിയുമാണ്.
സുരേഷ് ഗോപി നായകനായ ‘ഒറ്റക്കൊമ്പൻ’, ജയറാമും കാളിദാസ് ജയറാമും ഒന്നിക്കുന്ന ‘ആശകൾ ആയിരം’, ജയസൂര്യ നായകനായ ‘കത്തനാർ’, നിവിൻ പോളി നായകനാവുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം, എസ്ജെ സൂര്യ ഒരുക്കുന്ന ‘കില്ലർ’ തുടങ്ങിയ വമ്പൻ ചിത്രങ്ങളും ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
















