Entertainment Features Homepage Featured

മമ്മൂട്ടിയുടെ ലുക്കും നോക്കിയിരുന്നവര്‍ക്കു മുന്നിലേക്ക് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടു ! ‘ഞാനും സുഹൃത്തും ഇതിലുണ്ട്’

വാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച’യുടെ അപ്‌ഡേറ്റില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് മലയാള സിനിമാലോകം. കാരണം വേറൊന്നുമല്ല, മലയാളത്തിന്റെ മഹാനടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നു എന്നതാണ് ‘ചത്താ പച്ച’ ടീം പുറത്തുവിട്ട പുതിയ അപ്‌ഡേറ്റ്. നേരത്തെ മമ്മൂട്ടി ഈ ചിത്രത്തില്‍ കാമിയോ വേഷത്തിലുണ്ടെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ മോഹന്‍ലാലും താന്‍ ‘ചത്താ പച്ച’ ടീമിന്റെ ഭാഗമായുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട അപ്‌ഡേറ്റ് വീഡിയോയില്‍ വളരെ രസകരമായാണ് നടന്‍ മോഹന്‍ലാല്‍ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനും ലാല്‍ തുടക്കമിട്ടു. ‘ ചത്താ പച്ച…ഈ വരുന്ന ജനുവരി 22 നു ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്. പിന്നെ എന്റെ അടുത്തൊരു സുഹൃത്തുമുണ്ട്. അതുകൊണ്ട് ഈ സിനിമയുടെ ആദ്യ ടിക്കറ്റ് ഞാന്‍ ബുക്ക് ചെയ്യാന്‍ പോകുന്നു’ മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞു.

അതേസമയം ‘ചത്താ പച്ച’ സെറ്റില്‍ മോഹന്‍ലാല്‍ എത്തയതായി നേരത്തെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഒരൊറ്റ ഷോട്ടില്‍ മാത്രമായിരിക്കുമോ മോഹന്‍ലാല്‍ വന്നുപോകുന്നതെന്നാണ് ആരാധകര്‍ സംശയിക്കുന്നത്. അല്ലെങ്കില്‍ സ്റ്റോറി നരേഷന്റെ ഭാഗമായി ശബ്ദം കൊണ്ട് മാത്രമായിരിക്കും ലാല്‍ ഈ പ്രൊജക്ടിന്റെ ഭാഗമായിരിക്കുന്നതെന്ന് പ്രവചിക്കുന്നവരും ഉണ്ട്. എന്തായാലും വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുകയാണല്ലോ എന്ന ത്രില്ലിലാണ് ആരാധകരെല്ലാം.

‘ചത്താ പച്ച : ദി റിങ് ഓഫ് റൗഡീസ്’ WWE റെസ്ലിങ് പ്രമേയമാക്കിയുള്ള ആക്ഷന്‍ ചിത്രമാണ്. ഏതാണ്ട് പത്ത് ദിവസത്തോളം മമ്മൂട്ടി ഈ സിനിമയ്ക്കായി ഡേറ്റ് നല്‍കിയിരുന്നു. 20 മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് മമ്മൂട്ടി കഥാപാത്രമെന്നും വിവരമുണ്ട്. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷിഹാന്‍ ഷൗക്കത്ത്, റിതേഷ് എസ് രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അദ്വൈത് തന്നെയാണ് തിരക്കഥ.

മട്ടാഞ്ചേരില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. WWE റസ്ലിങ്ങില്‍ ആകൃഷ്ടരായ മട്ടാഞ്ചേരിയിലെ യുവാക്കള്‍ക്കിടയിലേക്ക് സമാനമായ രീതിയിലുള്ള ഒരു ടൂര്‍ണമെന്റ് വരുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഉള്ളടക്കം. വാള്‍ട്ടര്‍ എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. യുവാക്കളുടെ ആശാനായാണ് മമ്മൂട്ടി കഥാപാത്രം പ്രത്യക്ഷപ്പെടുന്നതെന്നാണ് വിവരം. ട്രെയ്‌ലറില്‍ വാള്‍ട്ടര്‍ എന്ന കഥാപാത്രത്തിന്റെ ബാക്ക് ഷോട്ട് കാണിച്ചിരുന്നു. ഇത് മമ്മൂട്ടിയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. മാത്രമല്ല ഓരോ കഥാപാത്രങ്ങള്‍ക്കും റെസ്ലിങ് താരങ്ങളുമായി ബന്ധമുണ്ട്. അതില്‍ അണ്ടര്‍ടേക്കറുമായി ബന്ധപ്പെടുത്തിയുള്ളതാണ് മമ്മൂട്ടി കഥാപാത്രമെന്നും ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

Related Posts