Entertainment Features Homepage Featured

ഒടുവില്‍ സര്‍പ്രൈസ് പൊളിക്കാന്‍ ലാലേട്ടന്‍; ‘ചത്താ പച്ച’യിലെ മമ്മൂട്ടിയെ ഇന്ന് കാണുമോ?

രാധകരെ ആവേശത്തിലാക്കി ‘ചത്താ പച്ച’യുടെ പുതിയ അപ്‌ഡേറ്റ്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള അപ്‌ഡേറ്റില്‍ വലിയൊരു സര്‍പ്രൈസ് ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

ചത്താ പച്ചയില്‍ മമ്മൂട്ടി കാമിയോ വേഷത്തിലെത്തുന്നതായി നേരത്തെ വ്യക്തമായിരുന്നു. മമ്മൂട്ടി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ട്രെയ്‌ലറില്‍ മമ്മൂട്ടിയുടെ ബാക്ക് ഷോട്ട് മാത്രമാണ് കാണിച്ചത്. താരത്തിന്റെ ലുക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ന് വൈകിട്ട് 5.30 നു വലിയൊരു റിവീലിങ് ഉണ്ടെന്നാണ് ചത്താ പച്ച ടീം സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

‘ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. എന്നാല്‍ ഒരു ടിക്കറ്റ് ഇപ്പോഴേ ഒരു സ്‌പെഷ്യല്‍ വ്യക്തിയാല്‍ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. വലിയൊരു വെളിപ്പെടുത്തല്‍ ഇന്ന് 5.30 ന് ഉണ്ടാകും’ എന്നാണ് ചത്താ പച്ച ടീം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. റിവീല്‍ എന്ന ഇംഗ്ലീഷ് വാക്കിലെ L ക്യാപിറ്റല്‍ ലെറ്ററിലാണ് കൊടുത്തിരിക്കുന്നത്. ചത്താ പച്ചയിലെ മമ്മൂട്ടി കഥാപാത്രത്തെ മോഹന്‍ലാല്‍ ആയിരിക്കും റിവീല്‍ ചെയ്യുകയെന്നാണ് ഇതില്‍ നിന്ന് ആരാധകര്‍ ഡി കോഡ് ചെയ്‌തെടുത്തിരിക്കുന്നത്.

WWE റെസ്ലിങ് പ്രമേയമാക്കിയുള്ള ചിത്രമാണ് ‘ചത്താ പച്ച’. റെസ്ലിങ്ങില്‍ ആകൃഷ്ടരായ മട്ടാഞ്ചേരിയിലെ ഒരു കൂട്ടം യുവാക്കളുടെ കഥ. ഇവരുടെ ആശാനായാണ് മമ്മൂട്ടി റിങ്ങിലേക്ക് എത്തുന്നതെന്നാണ് വിവരം. ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ WWE സ്റ്റാറുകളുമായി സാമ്യമുണ്ട്. അതില്‍ അണ്ടര്‍ടേക്കറോടാണ് മമ്മൂട്ടിയെ ബന്ധപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. വാള്‍ട്ടര്‍ എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്.

നവാഗതനായ അദ്വൈത് നായരാണ് ‘ചത്താ പച്ച’യുടെ സംവിധാനം. ‘ചത്താ പച്ച : ദി റിങ് ഓഫ് റൗഡീസ്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ആക്ഷനു പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷിഹാന്‍ ഷൗക്കത്ത്, റിതേഷ് എസ് രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അദ്വൈത് തന്നെയാണ് തിരക്കഥ. നടന്‍ മോഹന്‍ലാലിന്റെ ബന്ധു കൂടിയാണ് അദ്വൈത്.

Related Posts