Entertainment Features Homepage Featured

തൊട്ടതെല്ലാം പൊന്നാക്കി നിതീഷ്; ജീവയ്ക്കു ‘ജീവവായു’, ഇനി മമ്മൂട്ടിക്കൊപ്പം

2026 ല്‍ മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ പ്രൊജക്ടാണ് നിതീഷ് സഹദേവ് ചിത്രം. ‘ഫാലിമി’ക്കു ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. മമ്മൂട്ടി ഒരു സര്‍ക്കസുകാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

‘ഫാലിമി’ക്കു ശേഷം മമ്മൂട്ടി ചിത്രം ചെയ്യാനാണ് നിതീഷ് തീരുമാനിച്ചിരുന്നത്. ആ സമയത്താണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മമ്മൂട്ടി സിനിമയില്‍ നിന്ന് മാറിനിന്നത്. ഈ സമയം കൊണ്ട് നിതീഷ് ഒരു തമിഴ് ചിത്രം സംവിധാനം ചെയ്തു. ഇപ്പോള്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ‘തലൈവര്‍ തമ്പി തലൈമയില്‍’. ജീവ നായകനായ ഈ ചിത്രം ബോക്‌സ്ഓഫീസില്‍ വലിയ വിജയമായിരിക്കുകയാണ്.

തുടര്‍ പരാജയങ്ങളെ തുടര്‍ന്നു ജീവ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് നിതീഷ് സഹദേവ് ചിത്രത്തിലൂടെയുള്ള തിരിച്ചുവരവ്. സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം സാമ്പത്തികമായി ലാഭം നേടിയ ശേഷമാണ് നിതീഷ് സഹദേവ് മമ്മൂട്ടി ചിത്രത്തിലേക്ക് കടക്കുന്നത്.

റിലീസ് ദിനം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 1.5 കോടിയാണ് നിതീഷ് സഹദേവ് – ജീവ ചിത്രം കളക്ട് ചെയ്തത്. രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ ഇത് 2.9 കോടിയായി ഉയര്‍ന്നു. മൂന്നാം ദിനമായ ശനിയാഴ്ച ആകട്ടെ 5.5 കോടിയാണ് ഇന്ത്യ നെറ്റ് കളക്ഷന്‍. അവധി ദിനമായ ഇന്നും അഞ്ച് കോടി കടക്കാനാണ് സാധ്യത. ചിത്രത്തിന്റെ ഇതുവരെയുള്ള ഇന്ത്യ നെറ്റ് കളക്ഷന്‍ 10.99 കോടിയായി.

മമ്മൂട്ടി-നിതീഷ് ചിത്രം ഡാര്‍ക്ക് ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ആക്ഷന്‍ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും. പുരുഷ കേന്ദ്രീകൃത കഥയായിരിക്കുമെങ്കിലും, കഥാഗതിയെ മുന്നോട്ട് നയിക്കുന്നത് ഒന്‍പത് വയസ്സുകാരിയായ പെണ്‍കുട്ടിയുടെ കഥാപാത്രമായിരിക്കും. കേരള-തമിഴ്നാട് ബോര്‍ഡര്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയില്‍ മമ്മൂട്ടിയുടെ സംസാരശൈലി വേറിട്ടതായിരിക്കും. നിതീഷിനൊപ്പം അനുരാജ് ഒ.ബി കൂടി ചേര്‍ന്നാണ് മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ. അഗ്‌നിവേശ് രഞ്ജിത്താണ് പ്രൊജക്ട് ഡിസൈനര്‍. മമ്മൂട്ടി കമ്പനിയായിരിക്കും ഈ ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

Related Posts