Entertainment Features Homepage Featured

ധനുഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടിക്ക് റെക്കോര്‍ഡ് പ്രതിഫലം?

രു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തമിഴിലേക്ക്. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ സുപ്രധാന വേഷം ചെയ്യുക മമ്മൂട്ടിയായിരിക്കുമെന്ന് ഉറപ്പായി. രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 മാര്‍ച്ചിനു ശേഷം ആരംഭിക്കാനാണ് സാധ്യത.

ശിവകാര്‍ത്തികേയനെ നായകനാക്കി ‘അമരന്‍’ ഒരുക്കിയ രാജ് കുമാർ ഇത്തവണ ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചെയ്യാനാണ് ഒരുങ്ങുന്നത്. അമരന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 300 കോടിയിലേറെ കളക്ട് ചെയ്തിരുന്നു.

‘ഡി 55’ എന്ന് താല്‍ക്കാലിക പേര് നല്‍കിയായിരിക്കും രാജ് കുമാർ-ധനുഷ് ചിത്രം ആരംഭിക്കുക. 20 ദിവസത്തോളം മമ്മൂട്ടിക്ക് ഷൂട്ട് ഉണ്ടായിരിക്കുമെന്നാണ് വിവരം. കഥ കേട്ട ശേഷം താരം സമ്മതം അറിയിച്ചതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ധനുഷിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുക. ധനുഷിന്റെ ഗോഡ് ഫാദര്‍ വേഷത്തിലായിരിക്കും മമ്മൂട്ടിയെത്തുകയെന്നും ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതേസമയം ഈ സിനിമയ്ക്കു വേണ്ടി മമ്മൂട്ടി റെക്കോര്‍ഡ് പ്രതിഫലം വാങ്ങും. 10 കോടിക്കു മുകളിലാണ് മമ്മൂട്ടിയുടെ പ്രതിഫലം.

ധനുഷ് തന്നെയാണ് ഈ പ്രൊജക്ടിനായി മമ്മൂട്ടിയുമായി ബന്ധപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂജ ഹെഗ്ഡെയെ ആണ് നേരത്തെ നായികയായി തീരുമാനിച്ചിരുന്നത്. പ്രൊഡക്ഷന്‍ ഹൗസ് മാറിയതോടെ സായ് പല്ലവിയായിരിക്കും നായികയെന്ന് വാര്‍ത്തകളുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കാന്‍ പോകുന്നത്. അതിനു ശേഷം നിതീഷ് സഹദേവ് ചിത്രത്തിന്റെ ഭാഗമാകും. നിതീഷ് സഹദേവ് ചിത്രത്തിനു ശേഷം ധനുഷ് ചിത്രം പൂര്‍ത്തിയാക്കിയേക്കും.

Related Posts