ചെന്നൈ: വിജയ് തന്റെ സിനിമാ കരിയറിലെ അവസാന ചിത്രമെന്ന് വിശേഷിപ്പിച്ച ജനനായകൻ വെള്ളിയാഴ്ച റിലീസ് ചെയ്യില്ല. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് സിനിമയെ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ ഉണ്ടായെന്നാണ് സിനിമാ മേഖലയിലുള്ളവർ പറയുന്നത്. ജനനായകൻ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് നൽകുന്ന വിഷയം കോടതിയുടെ പരിഗണനയിലേക്ക് കൊണ്ടുപോയതാണ് ചിത്രം പുറത്തിറങ്ങുന്നത് വൈകാൻ കാരണമായത്.
U/A സർട്ടിഫിക്കേറ്റ് നൽകുമെന്ന് അറിയിച്ച ശേഷം സെന്‍സര്‍ ബോര്‍ഡ് നിലപാട് മാറ്റിയതാണ് ചിത്രത്തിന്റെ റിലീസ് തീയതി നീട്ടാൻ കാരണം. അഞ്ചംഗ എക്സാമിനിംഗ് കമ്മിറ്റി ഡിസംബർ 22ന് ജനനായകന് U/A സർട്ടിഫിക്കേറ്റ് ആയിരുന്നു ശുപാർശ ചെയ്തത്. എന്നാൽ ഇതേ കമ്മിറ്റിയിലെ ഒരംഗം സിനിമയിൽ സൈന്യവുമായി ബന്ധപ്പെട്ട ചില സീനുകൾ ഉണ്ടെന്നും പ്രതിരോധ രംഗത്തെ വിദഗ്ധർ പരിശോധിച്ചാലേ സർട്ടിഫിക്കേറ്റ് നൽകാൻ കഴിയൂ എന്നും നിലപാട് എടുത്തു. ഇത് കൊണ്ട് തന്നെ ചിത്രം റിവ്യൂ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. ഇതോടെ ജനുവരി 9 വെള്ളിയാഴ്ച ജനനായകൻ തിയറ്ററിൽ എത്തുന്നത് തടയപ്പെടുകയും ചെയ്തു.
തുടർന്ന് ജനനായകൻ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റിനായി നിർമാതാക്കളായ കെവിഎൻ പ്രൊഡകഷൻസ് കോടതിയെ സമീപിച്ചു. ഇസി നിർദേശിച്ച 27 മാറ്റങ്ങളും വരുത്തിയാണ് സിനിമ റിലീസിനെത്തിയത് എന്നും ഒരു അംഗത്തിന്റെ അഭിപ്രായത്തെ പരാതിയായി കാണരുതെന്നും നിർമാതാക്കൾ പറഞ്ഞു. പരാതിയിൽ വെള്ളിയാഴ്ച രാവിലെ വിധി ഉണ്ടാകുമെന്നും ഇത്തരം പരാതികൾ ഉണ്ടാകുന്നത് ആരോഗ്യകരമല്ലെന്നും കേസ് പരിഗണിക്കവേ സെൻസർ ബോർഡ് അഭിഭാഷകനോട് ജസ്റ്റിസ് പിടി ആശ പറഞ്ഞു. വിധി ചിത്രത്തിന് അനുകൂലമാകാനാണ് സാധ്യത. എന്നാൽ അനുകൂലവിധി വന്നാലും സെൻസർ ബോർഡ് നടപടികൾക്കു ശേഷം വെള്ളിയാഴ്ച ചിത്രം പുറത്തിറക്കാനാകില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
















