രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍ 2’ പാന്‍ ഇന്ത്യന്‍ തലത്തില്‍ ആരാധകര്‍ പ്രതീക്ഷിച്ചിരിക്കുന്ന ചിത്രമാണ്. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും ജയിലര്‍ 2 ന്റെ ഭാഗമാണ്. ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായാണ് ലാല്‍ രണ്ടാം ഭാഗത്തിനും എത്തുക.
അതേസമയം ‘ജയിലര്‍ 2’ വുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് ആരാധകര്‍ക്കു വലിയ ആവേശം നല്‍കുന്നതാണ്. ജയിലറില്‍ രജനിയുടെ ഒപ്പമുള്ളവരാണ് മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷറോഫ് എന്നിവര്‍. രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ ഇതില്‍ ഒരു കഥാപാത്രം രജനിക്കെതിരെ ആകുമെന്നാണ് സൗത്ത് ഇന്ത്യന്‍ സിനിമയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മിഥുന്‍ ചക്രബര്‍ത്തിയാണ് ജയിലര്‍ 2 വിലെ പ്രധാന വില്ലനെന്ന് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. മിഥുന്‍ ചക്രബര്‍ത്തിയുടെ ഗ്യാങ്ങിലേക്ക് മോഹന്‍ലാലോ ജാക്കി ഷറോഫോ എത്തിപ്പെടുമെന്നാണ് പ്രവചനം. അത് മോഹന്‍ലാല്‍ എങ്ങാനും ആണെങ്കില്‍ രജനി vs ലാല്‍ രംഗങ്ങളും സിനിമയിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മോഹന്‍ലാല്‍ ആരാധകര്‍. അതേസമയം ജാക്കി ഷറോഫ് ആയിരിക്കും രണ്ടാം ഭാഗത്തില്‍ ആന്റഗോണിസ്റ്റ് കഥാപാത്രമായി മാറുകയെന്നും വിവരമുണ്ട്.
മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രത്തിനു ആദ്യ ഭാഗത്തേക്കാള്‍ ദൈര്‍ഘ്യം രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജയിലര്‍ 1 ല്‍ ലാലിന്റെ കഥാപാത്രം ഏറെ കൈയടികള്‍ വാരിക്കൂട്ടിയിരുന്നു. ജയിലര്‍ 2 വിലെ മോഹന്‍ലാലിന്റെ രംഗങ്ങള്‍ അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
അതോടൊപ്പം ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും ജയിലറില്‍ കാമിയോ വേഷം ചെയ്യുന്നുണ്ട്. പഴയൊരു അഭിമുഖത്തില്‍ മിഥുന്‍ ചക്രബര്‍ത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
















