ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ നിവിന്‍ പോളിയുടെ ‘സര്‍വ്വം മായ’ 100 കോടി ക്ലബില്‍ കയറി. ഹൊറര്‍-കോമഡി ഴോണറിലുള്ള ചിത്രത്തിനു കുടുംബപ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഇതോടെ ക്രിസ്മസ് വിന്നറുമായി.
നിവിന്‍ പോളിയുടെ ആദ്യ നൂറ് കോടിയാണ് ‘സര്‍വ്വം മായ’. തുടര്‍ പരാജയങ്ങള്‍ക്കു ശേഷം നിവിനു ലഭിക്കുന്ന സൂപ്പര്‍ഹിറ്റ് കൂടിയാണിത്. റിലീസ് ചെയ്തു 10 ദിവസം കൊണ്ടാണ് 100 കോടിയെന്ന നേട്ടത്തിലേക്ക് സര്‍വ്വം മായ എത്തിയത്. ചിത്രം വന്‍ വിജയമാക്കിയ പ്രേക്ഷകര്‍ക്കു നിവിന്‍ നന്ദി പറഞ്ഞു.
ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രമായി 50 കോടിയിലേറെ കളക്ട് ചെയ്യാന്‍ സര്‍വ്വം മായയ്ക്കു ഇതുവരെ സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ചിത്രത്തിനു തിരക്കുണ്ടാകുമെന്നാണ് ബുക്ക് മൈ ഷോയിലെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘പ്രേമം’ ആയിരുന്നു നിവിന്‍ പോളിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബോക്‌സ്ഓഫീസ് വിജയം. 2015 ല്‍ റിലീസ് ചെയ്ത പ്രേമം 75 കോടിയാണ് കളക്ട് ചെയ്തത്.
അതേസമയം സര്‍വ്വം മായയ്ക്കു ശേഷം നിവിന്‍ പോളി ചെയ്യാനിരിക്കുന്ന പ്രൊജക്ടുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്റര്‍ടെയ്‌നര്‍ നിവിന്‍ പോളിയെ വീണ്ടും സ്‌ക്രീനില്‍ കാണാമെന്ന പ്രതീക്ഷയാണ് താരത്തിന്റെ പുതിയ പ്രൊജക്ടുകള്‍ തരുന്നത്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ നിവിന്‍ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതുകൂടാതെ പ്രേമം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും ചെയ്യുന്ന സിനിമയിലും നിവിന്‍ പോളിയാണ് നായകന്‍.
മലയാളം ബോക്‌സ്ഓഫീസില്‍ മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും മുന്‍പ് 100 കോടി കളക്ഷന്‍ നേടാനും നിവിന്‍ പോളിക്ക് സര്‍വ്വം മായയിലൂടെ സാധിച്ചിരിക്കുകയാണ്.
















