നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന് സംവിധാനം ചെയ്ത ‘സര്‍വ്വം മായ’ ബ്ലോക്ക്ബസ്റ്റര്‍ സ്റ്റാറ്റസിലേക്ക്. ചിത്രത്തിന്റെ ആഗോള ബോക്സ്ഓഫീസ് കളക്ഷന്‍ 75 കോടി കടന്നു. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് ‘സര്‍വ്വം മായ’.
റിലീസ് ചെയ്തു എട്ട് ദിവസം കൊണ്ടാണ് ചിത്രം 75 കോടിയിലേക്ക് എത്തിയത്. ക്രിസ്മസ് അവധിക്ക് മറ്റു സിനിമകളൊന്നും ‘സര്‍വ്വം മായ’യ്ക്കു ഭീഷണിയായിട്ടില്ല. 2015 ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ ആയിരുന്നു നിവിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം. 72 കോടിയാണ് പ്രേമത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍. റിലീസ് ചെയ്തു ഒന്‍പതാം ദിനമായ ഇന്നലെ മാത്രം അഞ്ച് കോടിക്കടുത്ത് ആഭ്യന്തര ബോക്സ്ഓഫീസില്‍ നിന്ന് നിവിന്‍ പോളി ചിത്രം കളക്ട് ചെയ്തിട്ടുണ്ടാകും.
നൂറ് കോടി നേട്ടത്തിലേക്ക് ‘സര്‍വ്വം മായ’ എത്തുമെന്നും ഉറപ്പായി. ആദ്യമായാണ് ഒരു നിവിന്‍ പോളി ചിത്രം ഈ നേട്ടം കൈവരിക്കാന്‍ പോകുന്നത്. ഇതോടെ മമ്മൂട്ടിക്കു മുന്‍പ് നൂറ് കോടി ക്ലബില്‍ കയറാനുള്ള ഭാഗ്യവും നിവിന്‍ പോളിക്കു ലഭിക്കും.
മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, ഫഹദ് ഫാസില്‍, ടൊവിനോ തോമസ് തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം നേരത്തെ 100 കോടി ക്ലബില്‍ ഇടംപിടിച്ചിട്ടുണ്ട്.
അഖില്‍ സത്യന് സംവിധാനം ചെയ്ത ‘സര്‍വ്വം മായ’ ഹൊറര്‍-കോമഡി ഴോണറിലുള്ള ചിത്രമാണ്. അജു വര്‍ഗീസ്, റിയ ഷിബു, പ്രീത് മുകുന്ദന്, വിനീത്, അല്‍ഫോണ്‍സ് പുത്രന്, ജനാര്ദ്ദനന്, രഘുനാഥ് പാലേരി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. ഡിസംബര്‍ 25 നായിരുന്നു റിലീസ്. നിവിന്‍ പോളി – അജു വര്‍ഗീസ് കൂട്ടുകെട്ടും നായിക റിയ ഷിബുവിന്റെ പെര്‍ഫോമന്‍സുമാണ് ‘സര്‍വ്വം മായ’യെ പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടതാക്കിയത്.
















