സൂപ്പര്‍താരം മോഹന്‍ലാലിനു ഒരുപിടി ഗംഭീര പ്രൊജക്ടുകളാണ് 2026 ലുള്ളത്. അതില്‍ മൂന്ന് സിനിമകളില്‍ കാമിയോ വേഷങ്ങളുണ്ട്. ഇതുവരെ ഉറപ്പിച്ചിരിക്കുന്ന എല്ലാ പ്രൊജക്ടുകളും ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടം കൊയ്യുമെന്ന് ഉറപ്പാണ്.
മോഹന്‍ലാലിന്റേതായി 2026 ല്‍ ആദ്യം തിയറ്ററുകളിലെത്തുക ‘പാട്രിയോട്ട്’ ആണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, ഫഹദ് ഫാസില്‍ തുടങ്ങിയവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. മമ്മൂട്ടി-മോഹന്‍ലാല്‍ കോംബിനേഷനാണ് ഈ സിനിമയ്ക്ക് ഇത്ര വലിയ ഹൈപ്പ് നല്‍കുന്നത്. ഏപ്രിലിലാണ് ചിത്രം തിയറ്ററുകളിലെത്തുക.
ദൃശ്യത്തിന്റെ മൂന്നാം ഭാഗവും ഈ വര്‍ഷം തിയറ്ററുകളിലെത്തും. ജീത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ദൃശ്യം 3 ഓണത്തിന് റിലീസ് ചെയ്യാനാണ് സാധ്യത. മലയാളത്തില്‍ ഇറങ്ങിയ ശേഷം മാത്രമേ മറ്റു ഭാഷകളില്‍ റിലീസ് ഉണ്ടാകൂവെന്നാണ് വിവരം.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്റെ ബാനറില്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘L365’ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന മോഹന്‍ലാല്‍ പ്രൊജക്ടാണ്. ‘തുടരും’ വിജയത്തിനു ശേഷമാണ് മോഹന്‍ലാലും തരുണും ഒന്നിക്കാന്‍ പോകുന്നത്. മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഈ പ്രൊജക്ടിനുണ്ട്.
മകള്‍ വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തും. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യില്‍ മോഹന്‍ലാല്‍ കാമിയോ വേഷത്തിലെത്തും. ഖലീഫയുടെ രണ്ടാം ഭാഗത്തില്‍ ലാല്‍ ആയിരിക്കും പ്രധാന വേഷത്തിലെത്തുക. രജനികാന്ത് ചിത്രം ‘ജയ്‌ലര്‍ 2’ വും മോഹന്‍ലാലിന്റെതായി ഈ വര്‍ഷം റിലീസ് ചെയ്യും. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റേത് കാമിയോ വേഷമാണ്.
















