മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രകടനത്തിനു പ്രാധാന്യം നല്‍കുന്നതിനൊപ്പം ആരാധകര്‍ക്കു കൂടി ആഘോഷിക്കാനുള്ള വക 2026 ല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി. ഈ വര്‍ഷം മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ കൊമേഴ്‌സ്യല്‍ ചേരുവകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള സിനിമകളുമുണ്ട്.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പാട്രിയോട്ടി’ല്‍ ആണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നുണ്ട്. വന്‍ ബജറ്റില്‍ ഒരുക്കുന്ന ഈ സിനിമയായിരിക്കും 2026 ലെ മമ്മൂട്ടിയുടെ ആദ്യ റിലീസ്. ഏപ്രിലില്‍ വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്.
മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം മമ്മൂട്ടി അഭിനയിക്കുക അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കുന്ന ചിത്രത്തിലാണ്. ഏതാണ്ട് ഒരുമാസം മാത്രമായിരിക്കും ഈ ചിത്രത്തിന്റെ ഷൂട്ടിങ്.
മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രം മാര്‍ച്ചില്‍ ആരംഭിക്കും. ഡാര്‍ക്ക് ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ആക്ഷന്‍ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. കേരള-തമിഴ്നാട് ബോര്‍ഡര്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയില്‍ മമ്മൂട്ടി ഒരു ഗ്യാങ്സ്റ്റര്‍ ആയിട്ടാണ് എത്തുന്നത്. രാജമാണിക്യം പോലെ വളരെ വ്യത്യസ്തവും ഹ്യൂമര്‍ ഉള്ള തരത്തിലുമായിരിക്കും മമ്മൂട്ടി കഥാപാത്രത്തിന്റെ സംസാരശൈലി. സിനിമയ്ക്കായി ഒരു ‘ഫിക്ഷണല്‍ ലോകം’ (സങ്കല്‍പ്പ ലോകം) സൃഷ്ടിച്ചായിരിക്കും ചിത്രീകരണം. ആക്ഷനും വലിയ പ്രാധാന്യമുണ്ടായിരിക്കും.
നിതീഷ് സഹദേവ് ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം ആരംഭിക്കും. ഖാലിദ് റഹ്‌മാനാണ് ഈ സിനിമയുടെ സംവിധായകന്‍. ‘ഉണ്ട’യ്ക്കു ശേഷം മമ്മൂട്ടിയും ഖാലിദും ഒന്നിക്കുന്ന ചിത്രമാണിത്. ആസിഫ് അലി ഈ ചിത്രത്തിന്റെ ഭാഗമായേക്കും. നസ്ലന്‍, ജോജു ജോര്‍ജ് എന്നിവരും മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രത്തിന്റെ ഭാഗമാകും.
















