Cinema Entertainment Homepage Featured

വിജയ് നായകനായ ‘തെരി’ റീ റിലീസിന്; ‘ജനനായകൻ’ റിലീസ് ഫെബ്രുവരിയിലുമില്ലേ?

ചെന്നൈ: 2016-ൽ റിലീസ് ചെയ്ത വിജയ് പടം ‘തെരി’ റീ റിലീസിന്. ഫെബ്രുവരി 20നാണ് വിജയ് തകർത്താടിയ ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. ജനനായകൻ റിലീസ് വൈകുന്നതിനിടെ വിജയ് ആരാധകർക്ക് ആശ്വാസമാകുകയാണ് തെരിയുടെ റീ റിലീസ്. അറ്റ്ലീയുടെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ തമിഴ് ആക്ഷൻ ചലച്ചിത്രമായ ‘തെരി’ അക്കാലത്തുതന്നെ ബോക്സ് ഓഫീസില്‍ 158 കോടി രൂപ കളക്ഷൻ നേടിയിരുന്നു.

ചിത്രത്തിൽ സാമന്ത, എമി ജാക്സൺ എന്നിവരാണ് വിജയോടൊപ്പം മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. നൈനിക, രാധിക ശരത്കുമാർ, മൊട്ട രാജേന്ദ്രൻ, മഹേന്ദ്രൻ, ബിനീഷ് ബാസ്റ്റിൻ എന്നിവരും സഹതാരങ്ങളായ ഈ ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് GV പ്രകാശ്കുമാറാണ്.

അതേസമയം കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതിനെത്തുടർന്ന് ജനനായകന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജികൾ പിൻവലിച്ചിട്ടുണ്ട്. ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാമെന്ന് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. സിംഗിള്‍ ബെഞ്ചില്‍ അപ്പീല്‍ നൽകിയാൽ നടപടികള്‍ ആരംഭിക്കാന്‍ 20 ദിവസമെങ്കിലുമെടുക്കും. ശേഷം സെന്‍സര്‍ ബോര്‍ഡിന് എട്ട് ആഴ്ച വരെ സമയം നല്‍കാന്‍ കോടതിക്ക് സാധിക്കും.

ഇതിൽ അനുകൂല വിധിയുണ്ടായാൽ സെന്‍സര്‍ ബോര്‍ഡ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകും. ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് സുപ്രീം കോടതിയിലേക്കും നടപടി നീങ്ങാം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിൽ റിലീസ് തീയതി നീളുന്നത് ചിത്രത്തിന് ​ഗുണകരമാകില്ല എന്നാണ് അണിയറ പ്രവർത്തകർ വിലയിരുത്തുന്നത്. ഇതിനാലാണ് നിര്‍മ്മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജികൾ പിൻവലിച്ച് സമവായത്തിന് ശ്രമിക്കുന്നത്.

Related Posts