ധനുഷിനെ നായകനാക്കി രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘D55’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും. നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസും ആര് ടേക് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം. ശിവകാര്‍ത്തികേയനെ നായകനാക്കി ‘അമരന്’ ഒരുക്കിയ സംവിധായകനാണ് രാജ് കുമാർ പെരിയസാമി.
‘ ബിഗ് ‘M’ ഒരു കഥ തിരഞ്ഞെടുത്താല്‍, അത് ചരിത്രമാകും. ഏറെ സന്തോഷത്തോടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ‘D55′ ലേക്ക് സ്വാഗതം ചെയ്യുന്നു. ഇത് ഞങ്ങളുടെ വലിയ ഭാഗ്യം. നന്ദി മമ്മൂട്ടി സാര്‍’ എന്ന കുറിപ്പോടെയാണ് വണ്ടര്‍ബാര്‍ ഫിലിംസ് മമ്മൂട്ടിക്കു സ്വാഗതം ആശംസിച്ചിരിക്കുന്നത്. സംവിധായകന് രാജ് കുമാർ പെരിയസാമി മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
സുപ്രധാനമായ കാമിയോ കഥാപാത്രമാണ് മമ്മൂട്ടിയുടെതെന്നാണ് വിവരം. ധനുഷ് ചിത്രത്തില്‍ 20 ദിവസത്തോളം മമ്മൂട്ടിക്ക് ഷൂട്ട് ഉണ്ടായിരിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുശേഷമായിരിക്കും ധനുഷ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുകയെന്ന് റിപ്പോര്‍ട്ടുണ്ട്. റിലീസ് ഈ വര്‍ഷം തന്നെയുണ്ടാകും.
ഈ ചിത്രത്തിനായി 10 കോടിക്കു മുകളിലാണ് മമ്മൂട്ടി പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ധനുഷ് തന്നെയാണ് ഈ പ്രൊജക്ടിനായി മമ്മൂട്ടിയുമായി ബന്ധപ്പെട്ടതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സായ് പല്ലവിയാണ് നായിക. ശ്രീലീലയും നിര്‍ണായക വേഷത്തിലെത്തുന്നു.
മമ്മൂട്ടിയും ദിലീപും ഒന്നിച്ച ‘കമ്മത്ത് ആന്റ് കമ്മത്ത്’ എന്ന ചിത്രത്തില്‍ ധനുഷ് ഒരു ഗാനരംഗത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാദ്യമായാണ് ഇരുവരും പ്രധാന വേഷങ്ങളില്‍ ഒരു സിനിമ ചെയ്യുന്നത്.
















