Cinema Entertainment Homepage Featured News

കിഫ്ബി-കെഎസ്‍എഫ്‍ഡിസി തർക്കം; തിയേറ്ററുകളിൽ നിന്നുള്ള മുഴുവൻ വരുമാനവും തിരിച്ചടവിനെന്ന് കിഫ്ബി; തിയേറ്റര്‍ പ്രവര്‍ത്തനം തടസപ്പെടുമെന്ന് കെഎസ്‍എഫ്‍ഡിസി

തിരുവനന്തപുരം: 137 കോടി 39 ലക്ഷം രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന തിയേറ്റർ കോംപ്ലക്സുകളിൽ നിന്നുള്ള മുഴുവൻ വരുമാനവും തിരിച്ചടവിലേക്ക് നൽകാൻ നിർദേശം. തിരിച്ചടവ് കരാർ ഒപ്പിടാനൊരുങ്ങുന്നതിനിടെയാണ് കിഫ്ബി ഈ നിർദേശം മുന്നോട്ട് വെച്ചത്. മൊത്തം വരുമാനവും എസ്ക്രൂ അക്കൗണ്ടിലേക്ക് മാറ്റണം. ഇതിനുപുറമെ ആകെ തിയേറ്ററുകളിൽ നിന്നും ഇ-ടിക്കറ്റിംഗ് വഴി കെഎസ്എഫ്‍ഡിസിക്ക് കിട്ടുന്ന വരുമാനം കൂടി നൽകണമെന്നാണ് വ്യവസ്ഥ.

എന്നാൽ വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്ന് കെഎസ്‍എഫ്‍ഡിസി അറിയിച്ചു. വ്യവസ്ഥകൾ അനുസരിച്ച് മുഴുവൻ വരുമാനവും കിഫ്ബിക്ക് നൽകിയാൽ തിയേറ്റര്‍ പ്രവര്‍ത്തനം വരെ തടസപ്പെടുമെന്ന് കെഎസ്‍എഫ്‍ഡിസി വ്യക്തമാക്കി. തലശ്ശേരി, പയ്യന്നൂർ, പേരാമ്പ്ര, താനൂർ, കാക്കനാട്, കായംകുളം, അളഗപ്പനഗർ, പായം എന്നിവിടങ്ങളിലാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതുതായി തിയേറ്റർ കോംപ്ലക്സുകൾ പണിയുന്നത്. 2017ലായിരുന്നു പദ്ധതിക്ക് സർക്കാർ അനുമതി നൽകിയത്. 30 വർഷത്തേക്ക് പാട്ടത്തിന് അനുവദിച്ച ഭൂമിയിലാണ് തിയേറ്ററുകൾ പണിയുന്നത്.

ഈ തീയറ്ററുകൾ പ്രവർത്തനം ആരംഭിച്ചാൽ ഏകദേശം 90 ലക്ഷം രൂപയാണ് കെഎസ്‍എഫ്‍ഡിസി പ്രതിമാസം തിരിച്ചടയ്ക്കേണ്ടത്. തിരിച്ചടവ് തുകയേക്കാൾ അധികം പണം എസ്ക്രൂ അക്കൗണ്ടിലേക്ക് വന്നാൽ അത് കെഎസ്‍എഫ്‍ഡിസിക്ക് തിരിച്ചുനൽകും. അക്കൗണ്ടിലേക്ക് എത്തുന്ന തുക കുറവാണെങ്കിൽ, ബാക്കി തുക കെഎസ്‍എഫ്‍ഡിസി പ്ലാൻ ഫണ്ടിൽ നിന്ന് നൽകണമെന്നാണ് കിഫ്ബിയുടെ നിർദേശം.

Related Posts