ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ഏറ്റവും ഉയര്‍ന്ന ഗ്രോസ് കളക്ഷന്‍ നേടുന്ന മലയാള സിനിമയായി ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ റെക്കോര്‍ഡ് ആണ് മറികടന്നത്. മോഹന്‍ലാല്‍ ചിത്രങ്ങളായ എമ്പുരാനും തുടരുമിനും സാധിക്കാത്തതാണ് ലോകഃ കൈപിടിയിലാക്കിയത്.
മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഇന്ത്യ ഗ്രോസ് കളക്ഷന്‍ 142.08 കോടി ആണ്. ലോകഃയുടേത് 142.90 കോടിയായി. ആദ്യ വാരം 54.7 കോടി, രണ്ടാം വാരം 47 കോടി എന്നിങ്ങനെയാണ് ലോകഃയുടെ ഇന്ത്യ ഗ്രോസ് കളക്ഷന്‍. 27.1 കോടി, 13.25 കോടി എന്നിങ്ങനെയാണ് പിന്നീടുള്ള ആഴ്ചകളിലെ ഇന്ത്യ ഗ്രോസ്.
മലയാളം പതിപ്പ് മാത്രം 111.17 കോടിയാണ് ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്തത്. തമിഴ് പതിപ്പിനു 14.48 കോടിയും തെലുങ്ക് പതിപ്പിനു 13.65 കോടിയും കളക്ട് ചെയ്യാന്‍ സാധിച്ചു. മൂന്ന് കോടിക്കു മുകളില്‍ ഹിന്ദി പതിപ്പിനു കളക്ട് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.
കേരള ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 100 കോടി കളക്ട് ചെയ്യാന്‍ ലോകഃയ്ക്കു സാധിച്ചിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ സിനിമയാണ് ലോകഃ. തുടരുമിന്റെ കേരള ബോക്‌സ്ഓഫീസ് കളക്ഷന്‍ മറികടക്കാന്‍ ലോകഃയ്ക്കു സാധിക്കുമെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 118 കോടി കളക്ട് ചെയ്ത തുടരും ആണ് കേരള ബോക്‌സ്ഓഫീസില്‍ നിന്ന് ഏറ്റവും കളക്ഷന്‍ സ്വന്തമാക്കിയ മലയാള ചിത്രം.
വേള്‍ഡ് വൈഡ് കളക്ഷനില്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റാകാന്‍ ലോകഃയ്ക്കു നേരത്തെ സാധിച്ചിരുന്നു. 265 കോടിയാണ് എമ്പുരാന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍. റിലീസ് ചെയ്തു 23 ദിവസങ്ങള്‍ കൊണ്ട് വേള്‍ഡ് വൈഡ് കളക്ഷന്‍ 265 കോടി മറികടക്കാന്‍ ലോകഃയ്ക്കു സാധിച്ചു.
















