Entertainment Music

മധു ബാലകൃഷ്ണന്റെ പുതിയ തുടക്കം; പർപ്പിൾ ബാൻഡ് ഉദ്ഘാടനം ചെയ്തു

കൊച്ചി: മലയാളികളെ സം​ഗീത വിസ്മയം കൊണ്ട് അമ്പരിപ്പിച്ച ​ഗായകൻ മധു ബാലകൃഷ്ണന്റെ പുതിയ ചുവടുവയ്പ്പിന് സാക്ഷിയായി കൊച്ചി ലുലുമാൾ. മധു ബാലകൃഷ്ണന്റെ പുതിയ സംരംഭമായ പർപ്പിൾ ബാൻഡിന്റെ ഉദ്ഘാടനം ലുലുമാളിൽ അരങ്ങേറി. പുതിയ തുടക്കം പ്രിയ​ഗായകന്റെ അമ്മ ലീലാവതിയും ഭാര്യ ദിവ്യയുടെ മാതാവ് സാവിത്രിയും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

സം​ഗീതം സിനിമയിൽ മുഖ്യഘടകമായിരുന്നെങ്കിൽ ഇന്ന് അതിന്റെ സാധ്യതകൾ കുറയുകയാണെന്നും അതിനാൽ തന്നെയാണ് നല്ല സം​ഗീതത്തെ പരിഭോഷിപ്പാക്കാൻ തന്റെ ബാൻഡിലൂടെ ശ്രമിക്കുന്നതെന്നും മധു ബാലകൃഷ്ണൻ പ്രതികരിച്ചു. നാടോടുമ്പോൾ നടുവേ ഓടുന്നതാണ് കാലഘട്ടത്തിന് യോജിച്ചത്. അതിനാൽ തന്നെയാണ് ബാൻഡുമായി മുന്നോട്ട് വരുന്നത്. ഇം​ഗ്ലീഷ് സിനിമകളിൽ കാണുന്നത് പോലെ എൻഡ് കാർഡിലേക്ക് പാട്ടുകൾ കാണിക്കുന്ന പോലെ മലയാള സിനിമയിലെ ​ഗാനങ്ങൾ ചുരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ​ഗായിക ​ഗായകന്മാർക്കും കൂടുതൽ അവസരങ്ങൾ ഉണ്ടാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

തുടർന്ന് നടന്ന പർപ്പിൾ ബാൻഡിന്റെ ആ​ദ്യ അവതരണം തന്ന സദസിന്റെ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങി. സം​ഗീത ജീവിതത്തിൽ മധു ബാലകൃഷ്ണൻ പാടിയ ഏറ്റവും മനോഹരമായ ​​ഗാനങ്ങളും മറ്റ് ​ഗാനങ്ങളും കോർത്തിണക്കിയാണ് ബാൻഡിന്റെ ലൈവ് ഷോ അരങ്ങേറിയത്. അച്ഛനൊപ്പം മകൻ മാധവ് ബാലകൃഷ്ണന്റെ തുറന്ന വേദിയിലെ അരങ്ങേറ്റവും ​ഗംഭീരമായി. സം​ഗീത ജീവിതത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന മധു ബാലകൃഷ്ണനെ ലുലുമാൾ ആദരിച്ചു.

ലുലുവിന്റെ ഉപഹാരം സംവിധായകനും നടനുമായ മേജർ രവിയും ക്യാൻസർ രോഗവിദദ്ധൻ ഡോ. പി.വി ഗം​ഗാധരനും ചേർന്ന് കൈമാറി. ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജും കൊച്ചി ലുലു ​റീജണൽ ഡയറക്ടർ സുധീഷ് നായരും ചേർന്ന് മധു ബാലകൃഷ്ണനെ പൊന്നാട അണിയിച്ചു. കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ് പൂച്ചെണ്ട് നൽകിയും ആദരം അറിയിച്ചു. നിലമ്പൂർ എം.എൽ.എ ആര്യടൻ ഷൗക്കത്ത്,നടൻ ശേഖർ മേനോൻ, സം​ഗീത സംവിധായകൻ രജിൻ രാജ് ,നടി കൃഷ്ണപ്രഭ എന്നിവർ ആശംസകൾ നേർന്നു.

Related Posts