വിവാദങ്ങൾക്കിടയിൽ വേടന്റെ പുതിയ ഗാനമെത്തുന്നു. മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ എന്ന ചിത്രത്തിലെ പുതിയ ഗാനമാണ് വേടന്റേതായി പുറത്തിറങ്ങുന്നത്. “ഭൂതഗണം” എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം ഒരു മിസ്റ്റിക്കൽ വൈബ് പകർന്ന് നൽകുന്ന രീതിയിലാണ് വേടൻ ആലപിച്ചിരിക്കുന്നത്.
വേടൻ തന്നെയാണ് വരികൾ രചിച്ചിരിക്കുന്നത്. ഈണം പകർന്നത് യാക്സന്‍ ഗാരി പെരേരയും നേഹ എസ്. നായരും ചേർന്നാണ്. കിങ് ഒരേഖ് ആണ് ഗാനത്തിന് വേണ്ട അഡീഷണൽ വരികൾ ഒരുക്കിയത്. ഈ ഗാനത്തിൻ്റെ വീഡിയോയിൽ വേടൻ പ്രത്യക്ഷപ്പെടുന്നുമുണ്ട്. അതിഗംഭീരമായ വിഷ്വലുകളാണ് ഈ പാട്ടിന്റെ പ്രത്യേകത.
2025, ഒക്ടോബർ 10നാണു ചിത്രം ആഗോള റിലീസായി എത്തുന്നത്. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.
നേരത്തെ ചിത്രത്തിലെ ‘ഫൈറ്റ് ദ നൈറ്റ്’ എന്ന ഗാനവും, “കാതൽ പൊന്മാൻ” എന്ന പ്രണയ ഗാനവും റിലീസ് ചെയ്തിരുന്നു. റാപ്പുകളിലൂടെ ശ്രദ്ധ നേടിയ ഗബ്രി ആദ്യമായി സിനിമ പിന്നണി ഗായകനായി എത്തിയ ഗാനം ആയിരുന്നു ‘ഫൈറ്റ് ദ നൈറ്റ്’. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
















