Cinema Entertainment

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടി കൊച്ചിയിലെത്തും; പൂര്‍ത്തിയാക്കാന്‍ രണ്ട് പ്രൊജക്ടുകള്‍, ലൈനില്‍ ഖാലിദും ടിനുവും

അസുഖം മാറി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് മമ്മൂട്ടി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടി കൊച്ചിയിലെത്തുമെന്നാണ് അദ്ദേഹവുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. കൊച്ചിയിലെത്തിയാല്‍ ഒക്ടോബര്‍ രണ്ടാം വാരത്തോടെ മമ്മൂട്ടി സിനിമയില്‍ സജീവമാകും.

കുറച്ചുനാളത്തേക്ക് കൂടി കൃത്യമായ ഇടവേളകളില്‍ താരത്തിനു വിശ്രമം ആവശ്യമാണ്. അതുകൊണ്ട് ഓരോ പ്രൊജക്ടുകള്‍ പൂര്‍ത്തിയായ ശേഷവും ഇടവേളയെടുക്കും. കളങ്കാവല്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിനൊപ്പം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കും.

മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടിക്ക് മോഹന്‍ലാലിനൊപ്പമുള്ള സുപ്രധാന രംഗങ്ങള്‍ അടക്കം ഇനിയും ചിത്രീകരിക്കാനുണ്ട്. കേരളത്തില്‍ തന്നെയായിരിക്കും ഈ ഭാഗങ്ങളുടെ ചിത്രീകരണം. മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക.

മമ്മൂട്ടി നായകനാകുന്ന രണ്ട് പ്രൊജക്ടുകളാണ് അതിനുശേഷം ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. അതിലൊന്ന് ഖാലിദ് റഹ്‌മാനും മറ്റൊന്ന് ടിനു പാപ്പച്ചനുമാണ് സംവിധാനം ചെയ്യുന്നത്. ഖാലിദ് റഹ്‌മാന്‍ ചിത്രത്തില്‍ നസ്ലനും ഒരു പ്രധാന വേഷം അവതരിപ്പിക്കുമെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. ടിനു പാപ്പച്ചന്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഇതൊരു ആക്ഷന്‍ ഴോണറില്‍ ഉള്‍പ്പെടുന്ന സിനിമയാണെന്നാണ് വിവരം.

Related Posts