മുംബൈ: കഴിഞ്ഞ ഏഴര വർഷമായി താൻ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. ട്രൈജെമിനൽ ന്യൂറാൽജിയ എന്ന രോഗം കാരണം കടുത്ത വേദനയിലൂടെയാണ് താൻ കടന്നുപോയിരുന്നതെന്നും ഈ രോഗത്തെത്തുടർന്ന് തന്റെ കവിളിലും താടിയിലും കടുത്ത വേദന അനുഭവപ്പെട്ടിരുന്നതായും സൽമാൻ പറയുന്നു. ഒരു ടിവി ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സൽമാൻ ഇക്കാര്യം പറഞ്ഞത്.
ട്രൈജെമിനൽ നാഡിയിൽ ഉണ്ടാകുന്ന രോഗമായതിനാലാണ് ഇതിന് ഈ പേരു ലഭിച്ചത്. മുഖത്തുനിന്ന് തലച്ചോറിലേക്ക് സിഗ്നലുകൾ എത്തിക്കുന്ന നാഡിയാണ് ട്രൈജെമിനൽ നാഡി. കടുത്ത വേദനയായിരിക്കും രോഗ ലക്ഷണം. രോഗം മൂർച്ഛിക്കുന്നതോടെ വൈദ്യുതാഘാതമേറ്റതു പോലുള്ള വേദനയ്ക്ക് സാധ്യതയുണ്ട്. ഈ രോഗമുള്ളവർക്ക് ചവയ്ക്കുമ്പോഴോ പല്ലുതേക്കുമ്പോഴോ മുഖത്ത് സ്പർശിക്കുമ്പോഴോ എന്തിന് സംസാരിക്കുമ്പോൾ വരെ വേദനയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
ജനപ്രിയ പരിപാടിയായ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ എന്ന ടിവി പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സൽമാൻ ഖാൻ തന്റെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ധമനികളിലെ തകരാറുകൾക്കും ചികിൽസ തേടുന്നതായി സൽമാൻ പറയുന്നു. കൂടാതെ ഇദ്ദേഹത്തിന് ബ്രയിൻ അന്യൂറിസവും ഉണ്ടെന്നാണ് വെളിപ്പെടുത്തിയത്. മസ്തിഷ്കത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കത്തെയും രക്തക്കുഴൽ പൊട്ടാനുള്ള സാധ്യതയെയുമാണ് ബ്രയിൻ അന്യൂറിസം എന്ന് വിളിക്കുന്നത്.
സൽമാൻ ഖാന്റെ മനോഹരമായ ചിരിക്കു പിന്നിലും ഏഴര വർഷത്തോളമായി ഈ വേദന കൂടി ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മിനുട്ടുകളോളം നീണ്ടു നിന്ന കഠിന വേദന സൽമാൻ ഖാന് പലപ്പോഴായി അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഈ രോഗമുള്ളവർക്ക് സെക്കന്റുകൾ മുതൽ ദിവസങ്ങളോ മാസങ്ങളോ നീണ്ട വേദനയ്ക്ക് സാധ്യതയുണ്ട്.
ഗാമ നൈഫ് റേഡിയോ ശസ്ത്രക്രിയയിലൂടെയാണ് താൻ ട്രൈജെമിനൽ ന്യൂറാൽജിയയിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് സൽമാൻ പറയുന്നത്. ഒരു ലക്ഷം പേരിൽ 4 മുതൽ 13 വരെ പേർക്ക് കാണപ്പെടുന്ന ഒരു അപൂർവ രോഗമാണ് ഇത്. സ്ത്രീകളിലും പുരുഷന്മാരിലും ഈ രോഗം കാണപ്പെടുന്നുണ്ട്. കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണെന്നാണ് പഠനങ്ങൾ പറയുന്നത്. 20 വയസ്സിനു ശേഷം എപ്പോൾ വേണമെങ്കിലും രോഗ സാധ്യതയുണ്ടെങ്കിലും അമ്പതു വയസ്സിനു ശേഷമാണ് കൂടുതലായി കാണപ്പെടുന്നത്.
















