Cinema Entertainment Homepage Featured

നാലാമനും വന്നേക്കാം; ദൃശ്യം തുടരുമെന്ന സൂചന നൽകി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ

ലയാളത്തിന്റെ എക്കാലത്തെയും വലിയ സസ്പെൻസ് ത്രില്ലറായ ദൃശ്യത്തിന് നാലാം ഭാഗവും ഉണ്ടാകുമെന്ന് സൂചന. ദൃശ്യത്തിന് തുടർച്ചയുണ്ടാകില്ലെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. അന്യഭാഷകളിൽ ഉൾപ്പെടെ ദൃശ്യം സ്വീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. കേരളത്തിന് പുറത്തുള്ള സിനിമാ ലോകവും ദൃശ്യത്തിന്റെ മൂന്നാം വരവിന് കാത്തിരിക്കുകയാണ്. കൂടുതൽ ഭാഷകളിൽ ദൃശ്യം അംഗീകരിക്കപ്പെടുന്നത് സന്തോഷമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ തുടർച്ചകളിലും സന്തോഷം ഉണ്ടാകും. എന്നാൽ അത് പൂർണ്ണമായും സംവിധായകൻ ജീത്തു ജോസഫിന്റെ തീരുമാനം ആയിരിക്കുമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.

അതേ സമയം ദൃശ്യം നാലിനെക്കുറിച്ച് താൻ ഇപ്പോൾ ചിന്തിക്കുന്നില്ല എന്നും തന്റെ ശ്രദ്ധ പൂർണമായും മൂന്നാം ഭാഗത്തെക്കുറിച്ച് മാത്രമാണെന്നും സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞു. ദൃശ്യം മൂന്ന് കാണാൻ വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ വരണ്ടെന്ന മുന്നറിയിപ്പാണ് സംവിധായകൻ നൽകുന്നത്. കഥാനായകനായ ജോർജുകുട്ടികൾക്കും കുടുംബത്തിനും സ്വാഭാവികമായി വരുന്ന മാറ്റങ്ങൾ മാത്രമാണ് മൂന്നാം ഭാഗത്തിന്റെ ഇതിവൃത്തമെന്നും സംവിധായകൻ പറയുന്നു. ദൃശ്യം എപ്പോഴും അമിതഭാരം തരുന്നുണ്ടെന്നും എന്നാൽ അത് തരണം ചെയ്യുന്നുണ്ടെന്നും ജിത്തു ചൂണ്ടിക്കാട്ടി.

ദൃശ്യം 3 ന്റെ ഷൂട്ടിങ് കൊച്ചിയിൽ തുടങ്ങി. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ പൂത്തോട്ടയിൽ നടന്നു. ആദ്യ രണ്ടു ഭാഗങ്ങൾ പോലെ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് മോഹൻലാലും അണിയറ പ്രവർത്തകരും. പ്രേക്ഷകർ സൂപ്പർ ഹിറ്റ് ആക്കിയ ആദ്യ രണ്ടു ഭാഗത്തെയും പ്രധാന ചേരുവകൾ സെന്റിമെന്റ്സും സസ്പെൻസുമായിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റുകൾ സുന്ദരമായി അവതരിപ്പിച്ച അധിക ചിത്രങ്ങൾ ഇല്ല. ചിത്രത്തിന്റെ മൂന്നാം ഭാഗം അടുത്തവർഷം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. എറണാകുളവും തൊടുപുഴയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും മൂന്നാം വരവിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

Related Posts