Cinema Entertainment Homepage Featured

ഒടുവിൽ ആ മാജിക്കൽ നമ്പറിലും ‘ലോകഃ’ തൊട്ടു; ‘തുടരും’ മറികടക്കാൻ സുവർണാവസരം

ആഗോള ബോക്‌സ്ഓഫീസ് കളക്ഷനിൽ എമ്പുരാനെ മറികടന്ന് മലയാളത്തിന്റെ ഇൻഡസ്ട്രിയിൽ ഹിറ്റായിരിക്കുകയാണ് ലോകഃ – ചാപ്റ്റർ 1 ചന്ദ്ര. തൊട്ടുപിന്നാലെ കേരള ബോക്‌സ് ഓഫീസിൽ നിന്ന് നൂറ് കോടി സ്വന്തമാക്കാനും കല്യാണി പ്രിയദർശൻ ചിത്രത്തിനു സാധിച്ചിരിക്കുന്നു.

റിലീസ് ചെയ്തു 24-ാം ദിവസമാണ് ലോകഃയുടെ കേരള കളക്ഷൻ 100 കോടിയിലേക്ക് എത്തിയിരിക്കുന്നത്. ട്രാക്കർമാർ നൽകുന്ന വിവരം അനുസരിച്ച് ലോകഃയുടെ കേരള കളക്ഷൻ 100.70 കോടിയായി. ശനിയാഴ്ച കേരളത്തിൽ നിന്ന് മാത്രം 2.70 കോടിയാണ് ലോകഃ കളക്ട് ചെയ്തത്.

കേരള ബോക്‌സ് ഓഫീസിൽ നൂറ് കോടി മറികടക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ലോകഃ. മോഹൻലാൽ ചിത്രം തുടരും ആണ് ഈ ചരിത്രനേട്ടത്തിലേക്ക് ആദ്യം എത്തിയത്.

തുടരും സിനിമയുടെ കേരള കളക്ഷൻ 118.9 കോടിയാണ്. ലോകഃയ്ക്കു തുടരും മറികടക്കണമെങ്കിൽ 18 കോടി കൂടി വേണം. ഈ ആഴ്ചയിലെ കളക്ഷൻ അനുസരിച്ചായിരിക്കും ലോകഃ കേരള ബോക്‌സ്ഓഫീസിൽ തുടരും മറികടക്കുമോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാകുക. തുടരും റിലീസ് ചെയ്തു അഞ്ചാം ആഴ്ച ഒടിടിയിൽ എത്തിയിരുന്നു. എന്നാൽ ലോകഃയുടെ ഒടിടി റിലീസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങളിലും കേരള ബോക്‌സ്ഓഫീസിൽ നിന്ന് ലോകഃയ്ക്കു മികച്ച കളക്ഷൻ സ്വന്തമാക്കാൻ സാധിച്ചേക്കും.

ലോകഃയുടെ ഒടിടി റിലീസ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് നിർമാതാവ് ദുൽഖർ സൽമാൻ പറയുന്നത്. ഉടൻ ഒടിടി റിലീസ് ഉണ്ടാകുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ ദുൽഖർ സോഷ്യൽ മീഡിയയിലൂടെ പൂർണമായി തള്ളി. വ്യാജ വാർത്തകളെ തള്ളിക്കളയണമെന്നും ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കണമെന്നും ദുൽഖർ പറഞ്ഞു.

Related Posts