ബിഗ് ബോസ് മലയാളം സീസണ്‍ സെവനിലെ വളരെ ട്രിക്കിയായുള്ള ക്യാരക്ടറാണ് നെവിന്റേത്. എല്‍ജിബിടിക്യു വിഭാഗത്തെയാണോ നെവിന്‍ റെപ്രസന്റ് ചെയ്യുന്നതെന്ന സംശയം ബിഗ് ബോസ് പ്രേക്ഷകര്‍ക്കു ഉണ്ടായിരുന്നു. തന്റെ സ്വത്വം വെളിപ്പെടുത്താനും നെവിന്‍ തയ്യാറാകാത്തതിനാല്‍ പ്രേക്ഷകരുടെ ആ കണ്‍ഫ്യൂഷനും അവിടെ അവശേഷിച്ചു. ഒടുവില്‍ നെവിന്‍ തന്നെ ഇക്കാര്യത്തില്‍ ക്ലാരിറ്റി വരുത്തിയിരിക്കുകയാണ്.
നെവിന്റെ പെരുമാറ്റത്തില്‍ പലപ്പോഴും പരാതി പറഞ്ഞിട്ടുള്ള ആളാണ് ഷാനവാസ്. അമിതമായി ഇടപഴകി സംസാരിക്കുന്നു, ദേഹത്ത് അനുവാദമില്ലാതെ സ്പര്‍ശിക്കുന്നു തുടങ്ങിയ ആരോപണങ്ങളെല്ലാം ഷാനവാസ് നെവിനെതിരെ ഉന്നയിച്ചിരുന്നു. നെവിന്റെ തന്നോടുള്ള പെരുമാറ്റത്തില്‍ അണ്‍കംഫര്‍ട്ടബിള്‍ ആണെന്നാണ് ഷാനവാസ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഹൗസില്‍ വലിയ തര്‍ക്കവും വാഗ്വാദങ്ങളും ഉണ്ടായി.
നെവിനെതിരായ ആരോപണം ബിഗ് ബോസ് ഹൗസില്‍ പരസ്യമായി ഉന്നയിച്ചത് ആദിലയാണ്. ഷാനവാസ് തന്നോടു നെവിനെതിരെ സംസാരിച്ചിട്ടുണ്ടെന്ന് ആദില പറഞ്ഞിരുന്നു. എന്നാല്‍ നെവിനെ കുറിച്ചുള്ള നിലപാടില്‍ മാറ്റം വരുത്തുന്ന ആദിലയെയാണ് ഇന്നലെ കണ്ടത്. താന്‍ നെവിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ആദില ക്ഷമാപണം നടത്തി. ജയില്‍ നോമിനേഷന്‍ സമയത്താണ് ഇക്കാര്യത്തില്‍ ആദില ക്ലാരിറ്റി വരുത്തിയത്.
നെവിനുമായി സംസാരിച്ചെന്നും സ്‌ത്രൈണതയുള്ള പുരുഷന്‍മാരെയാണ് നെവിന്‍ പ്രതിനിധീകരിക്കുന്നതെന്ന് വ്യക്തമായെന്നും ആദില പറയുന്നുണ്ട്. താന്‍ കാരണം നെവിനുണ്ടായ വിഷമത്തില്‍ ആദില ക്ഷമ ചോദിക്കുന്നു. പിന്നീട് നെവിനും തന്റെ സ്വത്വത്തെ കുറിച്ച് വെളിപ്പെടുത്തുന്നുണ്ട്. തന്റേത് എഫിമിനന്‍സിയുള്ള ക്യാരക്ടര്‍ ആണെന്ന് നെവിന്‍ എല്ലാവരോടുമായി പറയുന്നു.
അതേസമയം ആദിലയ്‌ക്കെതിരെ ബിന്നി രംഗത്തെത്തി. ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിച്ച ആദില ഇപ്പോള്‍ നടത്തിയിരിക്കുന്ന ഏറ്റുപറച്ചില്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം കുറയ്ക്കുന്നില്ലെന്നാണ് ബിന്നി പറയുന്നത്. ആദിലയുടെ നിലപാട് മാറ്റത്തില്‍ ഷാനവാസിനും എതിര്‍പ്പുണ്ട്. ഇതിനെല്ലാം തുടക്കമിട്ടത് ആദിലയാണെന്നും പിന്നീട് നിലപാടില്‍ നിന്ന് പിന്നോട്ടു പോയെന്നുമാണ് ഷാനവാസ് പറയുന്നത്. നെവിനെതിരായ ആരോപണത്തില്‍ നിന്ന് പിന്നോട്ടു പോകാന്‍ താന്‍ തയ്യാറല്ലെന്ന് ഷാനവാസ് ആവര്‍ത്തിക്കുന്നു. മോഹന്‍ലാല്‍ വരുന്ന എപ്പിസോഡില്‍ ഇതേ കുറിച്ച് ചോദിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.
ജയില്‍ നോമിനേഷനില്‍ റെനയ്‌ക്കൊപ്പം പോകേണ്ടത് ഷാനവാസ് ആണ്. ബിബി ഹോട്ടല്‍ ടാസ്‌ക്കിലെ മോശം പ്രകടനത്തിനാണ് റെനയെ ജയിലിലേക്ക് അയക്കുന്നത്. ഷാനവാസ് എത്തിയത് നോമിനേഷനിലൂടെയാണ്. ബിബി ഹോട്ടല്‍ ടാസ്‌ക്കില്‍ അതിഥിയായി എത്തിയ റിയാസ് സലിമിനോടു മോശമായി പെരുമാറിയതാണ് ഷാനവാസിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള പ്രധാന കാരണമായി മിക്കവരും പറഞ്ഞത്.
















