Cinema Entertainment Homepage Featured

എമ്പുരാനെ കടത്തിവെട്ടി നീലി; മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ലോകഃ

മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ പുതിയ നേട്ടം കുറിച്ച് സൂപ്പർഹീറോ ചിത്രം ലോകഃ മുന്നേറ്റം തുടരുന്നു. ആഗോള തലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് ചിത്രം. 268 കോടി കളക്ഷൻ നേടിയ എമ്പുരാന്റെ റെക്കോഡിനെയാണ് ലോകഃ ഇപ്പോൾ മറികടന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി നേടുന്ന രണ്ടാമത്തെ മലയാള ചിത്രവും കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവുമാണ് ലോകഃ.

മലയാള സിനിമയുടെ വളർച്ചയെയും സാധ്യതകളെയും കുറിച്ചുള്ള പുതിയ പ്രതീക്ഷകളാണ് ലോകഃയുടെ വിജയം നൽകുന്നത്. ചിത്രത്തിന്റെ ഈ വി‍ജയത്തെ വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന മലയാള സിനിമകൾക്ക് ഇനി മുതൽ അന്താരാഷ്ട്ര നിലവാരത്തിൽ തന്നെ കളക്ഷൻ നേടാൻ സാധിക്കുമെന്നതിന്റെ സൂചനയായി കാണുന്നവരും നിരവധിയാണ്. ഡൊമിനിക് അരുണിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ലോകഃ ചാപ്റ്റർ 1: ചന്ദ്ര.

ചന്ദ്ര എന്ന സൂപ്പർഹീറോ കഥാപാത്രമായി കല്യാണി പ്രിയദർശൻ പ്രേക്ഷകരുടെ മനം കവർന്നപ്പോൾ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നസ്‌ലെൻ, സാൻഡി മാസ്റ്റർ, അരുൺ കുര്യൻ, ചന്തു സലീം കുമാർ തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനങ്ങളും പ്രേക്ഷകരുടെ കയ്യടി നേടി. ലോകഃയിലെ ഓരോ കഥാപാത്രങ്ങളുടെയും പ്രകടനങ്ങൾ ചിത്രത്തിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് നിരൂപകർ അഭിപ്രായപ്പെട്ടു. അതോടൊപ്പം മികച്ച തിരക്കഥ, സംവിധാനം, സാങ്കേതിക മികവ് എന്നിവയും ലോകഃയുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്. സിനിമയുടെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഈ വലിയ വിജയമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Related Posts