Cinema Entertainment Homepage Featured

‘കല്‍ക്കി’യില്‍ നിന്ന് ദീപിക പുറത്താകാന്‍ കാരണം പ്രതിഫലമോ?

‘കല്‍ക്കി 2898 എ.ഡി’യുടെ രണ്ടാം ഭാഗത്തില്‍ നിന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍ പുറത്തായതിന്റെ കാരണം തേടുകയാണ് ആരാധകര്‍. നിര്‍മാതാക്കളായ വൈജയന്തി മൂവീസാണ് ദീപികയെ രണ്ടാം ഭാഗത്തില്‍ നിന്ന് പുറത്താക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.

ചിത്രത്തിന്റെ നിര്‍മാതാക്കളും ദീപികയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിര്‍മാതാക്കളോടു പ്രതിബദ്ധത കാണിക്കാത്തതിനാലാണ് ദീപികയെ ഒഴിവാക്കുന്നതെന്ന് വൈജയന്തി മൂവീസിന്റെ വിശദീകരണത്തില്‍ നിന്ന് വ്യക്തമാണ്.

കല്‍ക്കിയുടെ സീക്വലില്‍ അതിശക്തമായ വേഷമാണ് ദീപികയ്ക്കായി നീക്കിവച്ചിരുന്നത്. എന്നാല്‍ ഈ പ്രൊജക്ടിന്റെ ആരംഭ ചര്‍ച്ചകള്‍ മുതല്‍ ദീപിക നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കല്‍ക്കിയുടെ ആദ്യ ഭാഗം ചെയ്യാന്‍ വാങ്ങിയ പ്രതിഫലത്തിന്റെ 25 ശതമാനം വര്‍ധന രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ ദീപിക ആവശ്യപ്പെട്ടു. ഇതാണ് നിര്‍മാതാക്കളെ ചൊടിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദീപിക ആവശ്യപ്പെട്ട പ്രതിഫലം പ്രഭാസിന്റെ പ്രതിഫലത്തേക്കാള്‍ ഉയര്‍ന്നതാണ്. മാത്രമല്ല ഒരു ദിവസം ഏഴ് മണിക്കൂറില്‍ കൂടുതല്‍ ഷൂട്ടിങ്ങിനു സഹകരിക്കാന്‍ സാധിക്കില്ലെന്നും ദീപിക നിലപാടെടുത്തു. വി.എഫ്.എക്‌സ് സഹായത്തോടെ ചിത്രീകരിക്കേണ്ട ചിത്രമാണ് കല്‍ക്കി. അതിനാല്‍ തന്നെ ചില രംഗങ്ങള്‍ ചിത്രീകരിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരും. ഒരു ദിവസം ഏഴ് മണിക്കൂര്‍ മാത്രമേ സഹകരിക്കാന്‍ സാധിക്കൂവെന്ന് ദീപിക നിലപാടെടുത്താല്‍ അത് ഷൂട്ടിങ്ങിനെ പ്രതികൂലമായി ബാധിക്കുകയും സിനിമയുടെ ചെലവ് താളം തെറ്റിക്കുകയും ചെയ്യും. ഈ കാരണങ്ങളെല്ലാം ദീപികയും നിര്‍മാതാക്കളും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാക്കി.

ചിത്രീകരണ വേളയില്‍ ദീപികയ്ക്കു വിശ്രമിക്കാന്‍ ആഡംബര സൗകര്യങ്ങള്‍ ഒരുക്കാമെന്ന് പോലും നിര്‍മാതാക്കള്‍ സമ്മതിച്ചതാണ്. എന്നാല്‍ തന്റെ ടീമിലെ 25 പേര്‍ക്ക് അടക്കം താമസിക്കാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വേണമെന്നാണ് ദീപിക ആവശ്യപ്പെട്ടത്.

എല്ലാ സിനിമ സെറ്റിലും ദീപികയ്‌ക്കൊപ്പം 25 പേര്‍ അടങ്ങുന്ന സഹായി സംഘമുണ്ടാകും. ഇവര്‍ക്കെല്ലാം ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് അസാധ്യമെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. ദീപിക ‘കല്‍ക്കി 2’ വിന്റെ ഭാഗമാകില്ലെന്നും വളരെ ആലോചിച്ച ശേഷമെടുത്ത തീരുമാനമാണെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. ഈ വിഷയത്തില്‍ ദീപിക പദുക്കോണ്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സന്ദീപ് വങ്ക റെഡ്ഡിയുടെ ‘സ്പിരിറ്റ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനു ഇടയിലും ദീപിക സമാന പ്രശ്‌നം ഉണ്ടാക്കിയതായും വാര്‍ത്തകളുണ്ട്. ഈ ചിത്രത്തിലും പ്രഭാസാണ് നായകന്‍.

Related Posts