Cinema Entertainment Homepage Featured

ഇന്ന് തിരയ്ക്ക് ഒരു കൾട്ട് പ്രേക്ഷകരുണ്ട്, തിര 2 ഒരുക്കുന്നത് വലിയ കാൻവാസിൽ; ധ്യാൻ ശ്രീനിവാസൻ

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ത്രില്ലർ ആക്ഷൻ സിനിമയാണ് തിര. സിനിമ രം​ഗത്തേക്കുള്ള ധ്യാൻ ശ്രീനിവാസന്റെ ആദ്യ ചുവടുവെയ്പ്പ് തിരയിലൂടെയായിരുന്നു. അന്ന് ചിത്രം മികച്ച പ്രതികരണം നേടിയെങ്കിലും ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് നേരിട്ടത്. പിന്നീട് ചിത്രത്തിന് ഒരു കൾട്ട് ഫോളോയിങ് തന്നെയുണ്ടായി. പല സമയങ്ങളിലായി തിരയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ‍ അടുത്തിടെ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെക്കുറിച്ച് മനസുതുറക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. വലിയ സ്കെയിലിൽ രണ്ടാം ഭാഗം ആണ് എഴുതുന്നതെന്നും വലിയ ബഡ്ജറ്റിൽ ഇറങ്ങുന്ന സിനിമയാകുമെന്നും ധ്യാൻ പറഞ്ഞു.

‘2013 ൽ തന്നെ തിരയുടെ കാൻവാസ്‌ നല്ല വലുതായിരുന്നു. നാല്‌-അഞ്ച് സ്റ്റേറ്റുകളിൽ പോയി ഷൂട്ട് ചെയ്തു, മറ്റു ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളെ കൊണ്ടുവന്ന് മൾട്ടിലാംഗ്വേജ് ആയി ഷൂട്ട് ചെയ്ത സിനിമയാണത്. അന്നത്തെ മലയാളി പ്രേക്ഷകർക്ക് വളരെ കാലത്തിന് മുൻപ് വന്ന സിനിമയായി തിര തോന്നി. ഇന്ന് നമ്മൾ എല്ലാ തരം സിനിമകളും നമ്മൾ സ്വീകരിക്കുന്നു. ഇന്ന് തിരയ്ക്ക് കൂടുതൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നു. തിരയ്ക്ക് ഒരു കൾട്ട് പ്രേക്ഷകർ ഉണ്ട് അപ്പോൾ രണ്ടാം ഭാഗം അതിനും മുകളിൽ നിൽക്കണം. രണ്ടാം ഭാഗം വലിയ സ്കെയിലിൽ ആണ് എഴുതുന്നതും ചിന്തിക്കുന്നതും. അതുകൊണ്ട് അതിന്റെതായ സമയം എടുത്ത് പ്രീ പ്രൊഡക്ഷൻ ചെയ്തു മാത്രമേ ആ സിനിമ ചെയ്യാൻ സാധിക്കൂ. വലിയ കോസ്റ്റ് വരുന്ന സിനിമയാകും തിര 2 ‘ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞു .

ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഒരുക്കുന്നതിൽ താത്പര്യമില്ലെന്നാണ് സംവിധായകനായ വിനീത് പറഞ്ഞിരുന്നത്. തുടർന്ന് തിരയുടെ ആദ്യ ഭാഗത്തിന്റെ എഴുത്തുകാരനായ രാകേഷ് മണ്ടോടിയും ധ്യാൻ ശ്രീനിവാസനും ചേർന്ന് രണ്ടാം ഭാഗം ഒരുക്കാൻ പോകുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ശോഭനയുടെ തിരിച്ചുവരവ് രേഖപ്പെടുത്തിയ സിനിമ കൂടിയാണ് തിര. റീൽസ് മാജിക്കിന്റെ ബാനറിൽ മനോജ് മേനോൻ നിർമ്മിച്ച ചിത്രത്തിന്റെ വിതരണം എൽജെ ഫിലിംസ് ആയിരുന്നു. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ സിനിമയ്ക്ക് സംഗീതം നൽകിയത് ഷാൻ റഹ്‌മാനാണ് . രഞ്ജൻ എബ്രഹാമാണ് ചിത്രത്തിന്റെ എഡിറ്റർ.

Related Posts