കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബോളിവുഡ് സിനിമകളെ പിന്നിലാക്കി ഇന്ത്യന്‍ ബോക്‌സ്ഓഫീസ് കളക്ഷനില്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഞെട്ടിച്ചിരുന്നു. പുഷ്പ 2, കല്‍ക്കി 2898 എഡി എന്നീ സിനിമകളെല്ലാം അതിനു ഉദാഹരണം. എന്നാല്‍ 2025 ലേക്ക് എത്തിയപ്പോള്‍ ഹിന്ദി സിനിമ വന്‍ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നു.
ഇതുവരെയുള്ള ഇന്ത്യന്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ പരിഗണിക്കുമ്പോള്‍ ആദ്യ പന്ത്രണ്ടില്‍ ആറെണ്ണവും ഹിന്ദി സിനിമകളാണ്. അക്ഷയ് ഖന്ന സംവിധാനം ചെയ്ത വിക്കി കൗശാല്‍, രശ്മിക മന്ദാന ചിത്രം ‘ഛാവ’ ആണ് ഒന്നാം സ്ഥാനത്ത്. വിവിധ ഭാഷകളിലായി ഈ ചിത്രം ആഗോള തലത്തില്‍ കളക്ട് ചെയ്തത് 602.54 കോടിയാണ്. മോഹിത് സൂരി, അഹാന്‍ പാണ്ഡ്യ, അനീത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ‘സൈയാര’ 329.61 കോടിയുമായി രണ്ടാം സ്ഥാനത്തുണ്ട്.
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൂലി’ 284.99 കോടിയുമായി മൂന്നാം സ്ഥാനത്തും മഹാവതാര്‍ നരസിംഹ 250.2 കോടിയുമായി നാലാം സ്ഥാനത്തും. അഞ്ചാം സ്ഥാനത്തുള്ള ഹൃതിക് റോഷന്‍-ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ‘വാര്‍’ നേടിയത് 236.55 കോടി. മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നെങ്കില്‍ വമ്പന്‍ കളക്ഷന്‍ നേടാന്‍ സാധ്യതയുള്ള ചിത്രം കൂടിയായിരുന്നു വാര്‍.
വെങ്കടേഷ് ചിത്രം സംക്രാന്തികി വസ്തൂനം 186.97 കോടിയുമായി ആറാമത്. ഏഴാമത് അക്ഷയ് കുമാര്‍ ചിത്രം ഹൗസ്ഫുള്‍ (183.38 കോടി), എട്ടാം സ്ഥാനത്ത് അജയ് ദേവ്ഗണ്‍ സിനിമ റെയ്ഡ് 2 (173.44 കോടി), ഒന്‍പതാമത് ആമിര്‍ ഖാന്റെ സിത്താരെ സമീന്‍ പര്‍ (166 കോടി), പത്താം സ്ഥാനത്ത് അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി (153.77 കോടി), പതിനൊന്നാമത് രാം ചരണിന്റെ ഗെയിം ചെയ്ഞ്ചര്‍ (131.20 കോടി) എന്നിവയുമാണ്.
മലയാളത്തിനു അഭിമാനമായി 12-ാം സ്ഥാനത്ത് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ഡൊമിനിക് അരുണ്‍ ചിത്രം ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്രയുണ്ട്. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലോകഃ 126.90 കോടിയാണ് ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത്.
ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ഏറ്റവും വലിയ വിജയങ്ങളായ സിനിമകളുടെ പട്ടികയില്‍ ആദ്യ 12 സ്ഥാനങ്ങളില്‍ ഉള്ള ഏക നായിക പ്രാധാന്യമുള്ള ചിത്രം ലോകഃ മാത്രമാണ്. മലയാളത്തിലെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റാകാന്‍ ലോകഃ കുതിക്കുകയാണ്. ആഗോള തലത്തില്‍ ലോകഃയുടെ കളക്ഷന്‍ 250 കോടി കടന്നു.
















