തീയേറ്ററുകളിൽ എത്തിയ ദിവസം മുതൽ റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് കല്യാണി പ്രിയദർശൻ നയികയായി എത്തിയ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം ലോകഃ: ചാപ്റ്റർ 1- ചന്ദ്ര. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച 5 വനിതാ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ചിത്രം മറ്റൊരു റെക്കോഡ് കൂടി തകർത്തിരിക്കുയാണ് ഇപ്പോൾ. സാക്നിൽക് പ്രകാരം, 21 ദിവസത്തിനകം ചിത്രം ബോക്സ് ഓഫീസിൽ 126.90 കോടി രൂപ കളക്ഷൻ നേടിതിലൂടെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സ്ത്രീ കഥാപാത്രങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനം നേടി. നേരത്തെ ആലിയ ഭട്ട് നായികയായി എത്തിയ റാസിയാണ് ഈ സ്ഥാനം വഹിച്ചിരുന്നത്.
കരൺ ജോഹറിന്റെ പിന്തുണയോടെ പുറത്തിറങ്ങിയ റാസി ഹരീന്ദർ സിംഗ് സിക്കയുടെ കോളിംഗ് സെഹ്മത്ത് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ചിത്രം 123.74 കോടി രൂപയാണ് അതിന്റെ ലൈഫ് ടൈം റണ്ണിൽ ബോക്സ് ഓഫീസിൽ നേടിയത്. ചുമലിൽ പൂർണ്ണമായും സ്ത്രീ കേന്ദ്രീകൃത ചിത്രമായതിനാൽ ആലിയയെ ഒരു ബ്രേക്ക്ഔട്ട് താരമായി സ്ഥാപിച്ച ചിത്രം കൂടിയായിരുന്നു റാസി.
നടനും നിർമ്മാതാവുമായ ദുൽഖർ സൽമാൻ മലയാള സിനിമയുടെ ആദ്യത്തെ ‘യൂണിവേഴ്സ്’ രൂപീകരിക്കുന്നതിനായി ഒരുക്കിയ നാല് ഭാഗങ്ങളുള്ള സീരീസിലെ ആദ്യ ഭാഗമാണ് ലോകഃ. നോരത്തെ തന്നെ ദക്ഷിണേന്ത്യൻ സിനിമയിൽ നിന്ന് 100 കോടി കളക്ഷൻ കടന്ന ആദ്യ വനിതാ ചിത്രമായും ബോക്സ് ഓഫീസിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ മലയാള ചിത്രമായും ലോകഃ മാറിയിരുന്നു. ചിത്രത്തിന്റെ ട്രെൻഡനുസരിച്ച്, കളക്ഷൻ 135 കോടി കവിയുകയും രാജ്യത്തെ ഏറ്റവും ആവേശകരമായ സിനിമാ വ്യവസായങ്ങളിലൊന്നായി മലയാള സിനിമയുടെ പതാക ഉയർത്തുകയും ചെയ്യും. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിൽ അഭിനയിച്ച ടോവിനോ തോമസ് രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി എത്തുമെന്നാണ് റിപ്പോർട്ടുകൾ.മൂന്നാം ഭാഗത്തിൽ ദുൽഖർ സൽമാനും നാലാമത്തെ ഭാഗത്തിൽ മമ്മൂട്ടിയും നായകനാകും.
















