ബിബി ഹോട്ടല്‍ ടാസ്‌ക്കിന്റെ നാലാം ദിനം സംഭവബഹുലമായിരുന്നു. അതിഥിയായി ബിബി ഹോട്ടലിലെത്തിയ റിയാസ് സലിം ഷാനവാസിനെതിരെ നടത്തിയ നീക്കങ്ങള്‍ കഴിഞ്ഞ എപ്പിസോഡിനെ ലൈവാക്കി നിര്‍ത്തി.രാവിലെ എഴുന്നേറ്റ ഉടനെ ക്ലീനിങ് സ്റ്റാഫായ ഷാനവാസിനോടു തന്റെ ബെഡ് ഷീറ്റ് മാറ്റാന്‍ റിയാസ് സലിം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ താന്‍ ബിബി ഹോട്ടലിലെ സ്റ്റാഫായി യൂണിഫോം ധരിച്ചിട്ടില്ലെന്നും പ്രഭാതകൃത്യങ്ങള്‍ ചെയ്ത ശേഷം മാത്രമേ അതിഥി പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂവെന്നും ഷാനവാസ് നിലപാടെടുക്കുന്നു.
മറ്റൊരു ക്ലീനിങ് സ്റ്റാഫും ഷാനവാസിന്റെ സുഹൃത്തുമായ അനീഷ് താന്‍ പറഞ്ഞാല്‍ ഷാനവാസ് ചെയ്യുമെന്നും പറയട്ടെ എന്നും റിയാസിനോടു ചോദിക്കുന്നു. ‘അതിഥിയായ താന്‍ പറഞ്ഞാല്‍ ചെയ്യാന്‍ ബുദ്ധിമുട്ട്, പക്ഷേ നിങ്ങള്‍ പറഞ്ഞാല്‍ ചെയ്യാന്‍ കുഴപ്പമില്ല. അതിനുമാത്രം താന്‍ ആരാണ്?’ എന്ന് റിയാസ് മറുപടി കൊടുക്കുന്നു.
ഷാനവാസിനെ പ്രകോപിപ്പിക്കുകയായിരുന്നു റിയാസിന്റെ ലക്ഷ്യമെന്ന് വ്യക്തം. ഈ ചൂണ്ടയില്‍ ഷാനവാസ് വീഴുകയും ചെയ്തു. യൂണിഫോമില്‍ കയറി കഴിഞ്ഞാല്‍ താന്‍ ഡ്യൂട്ടി ചെയ്യും. ഇല്ലെങ്കില്‍ ചെയ്യില്ല എന്നാണ് ഷാനവാസ് പറഞ്ഞത്. ജനറല്‍ മാനേജര്‍ ആയ ലക്ഷ്മി ഷാനവാസിനോടു അതിഥി പറഞ്ഞ ജോലി വേഗം ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഷാനവാസ് സമ്മതിക്കുന്നില്ല.
അടിമപ്പണി എടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. ഒരു അതിഥിയുടെയും റാഗിങ്ങും ടോര്‍ച്ചറിങ്ങും ഇവിടെ നടക്കില്ല. അതിഥികള്‍ക്കു മറുപടി പറയേണ്ട കാര്യം തനിക്കില്ല എന്നും ഷാനവാസ് പ്രകോപിതനായി പറയുന്നു. അസിസ്റ്റന്റ് മാനേജറായ അക്ബറിനോടും ഷാനവാസിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് റിയാസ് പരാതി പറയുന്നുണ്ട്.
ലേറ്റ് ആയിട്ടേ പണികള്‍ എടുക്കൂ എന്നുണ്ടെങ്കില്‍ കൂടുതല്‍ പണികള്‍ കൊടുക്കാം എന്നു പറഞ്ഞുകൊണ്ട് റിയാസ് ബിബി ഹൗസിലെ ബെഡ് ഷീറ്റുകള്‍ വലിച്ചുവാരി ഇടാന്‍ തുടങ്ങി. ഹോട്ടല്‍ ഉടമയുടെ മകളായ ആദിലയും റിയാസിനൊപ്പം കൂടി. വേസ്റ്റ് ബാസ്‌കറ്റിലെ ചവറുകള്‍ അടക്കം റിയാസ് വലിച്ചുവാരിയിട്ടു. ഈ സമയത്ത് ഷാനവാസ് ക്ലീനിങ് സ്റ്റാഫിന്റെ യൂണിഫോം മാറിവന്നു. എന്ത് ചെയ്താലും താന്‍ ഇവിടെ ക്ലീന്‍ ചെയ്യുമെന്നും തന്നെ പ്രകോപിപ്പിക്കാന്‍ നോക്കേണ്ടെന്നും ഷാനവാസ് പറയുന്നുണ്ട്.
തനിക്കു പറ്റില്ലെങ്കില്‍ ബിബി ഹോട്ടല്‍ ടാസ്‌ക്കില്‍ നിന്ന് കിട്ടിയ സ്റ്റാറുകള്‍ ഊരിവെച്ച് ജോലി അവസാനിപ്പിക്കൂവെന്ന് റിയാസ് പറഞ്ഞപ്പോള്‍ ഇതെല്ലാം തനിക്ക് ജോലി ചെയ്തു കിട്ടിയതാണെന്നും ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്കു എന്ത് അവകാശമുണ്ടെന്നും ഷാനവാസ് തിരിച്ചുചോദിക്കുന്നു.
അതുവരെ വളരെ സൈലന്റ് ആയി കളിച്ചിരുന്ന ആദില ഷാനവാസിനോടു ദേഷ്യപ്പെടുകയാണ് പിന്നീട്. മുതലാളിയുടെ മകള്‍ പണമെല്ലാം ധൂര്‍ത്തടിച്ചു കളയുകയാണെന്ന് ഷാനവാസ് പറയുമ്പോള്‍ ആദില തിരിച്ചു മറുപടി നല്‍കുന്നുണ്ട്. ഷാനവാസ് മര്യാദയ്ക്കു സംസാരിക്കാന്‍ പഠിക്കണമെന്ന് റിയാസ് പറയുമ്പോള്‍ തനിക്കു ഇത്ര മര്യാദയേ ഉള്ളൂവെന്നും ഇതുവരെ ഓരോ വൃത്തികേടുകള്‍ സഹിച്ചില്ലേ എന്നും ആദിലയെ ഉദ്ദേശിച്ച് പറയുന്നു. മുതലാളിയുടെ മകള്‍ കാണിക്കുന്ന വൃത്തികേടെല്ലാം തങ്ങള്‍ സഹിച്ചില്ലേ എന്നാണ് ഷാനവാസ് ചോദിക്കുന്നത്. ജോലിക്കിടെ ഷാനവാസിനെ സഹായിക്കാന്‍ അനീഷ് വരുമ്പോള്‍ ആദില ദേഷ്യപ്പെടുന്നു. അനീഷിനോടു മാറിനില്‍ക്കാന്‍ പറഞ്ഞുകൊണ്ട് അനീഷിന്റെ കൈയിലെ ചൂല്‍ ആദില പിടിച്ചുവാങ്ങി എറിഞ്ഞുകളയുന്നുണ്ട്.
തന്നെ ട്രിഗര്‍ ചെയ്യാന്‍ നോക്കിയാല്‍ നടക്കില്ലെന്നും ഷാനവാസ് പറയുന്നുണ്ട്. നിന്റെ വരവിന്റെ ഉദ്ദേശമൊക്കെ എനിക്ക് അറിയാം എന്നും ഷാനവാസ് റിയാസിനെ നോക്കി പറയുന്നുണ്ട്. ബിബി ഹോട്ടല്‍ ടാസ്‌ക് കഴിയുമ്പോള്‍ ഷാനവാസിനും ജിസേലിനുമാണ് ഏറ്റവും കൂടുതല്‍ സ്റ്റാര്‍സ് ലഭിച്ചിരിക്കുന്നത്. ഇരുവര്‍ക്കും നാല് വീതം. ഇവരില്‍ ഒരാള്‍ക്ക് പണിപ്പുരയില്‍ പോകാന്‍ അവസരമോ അല്ലെങ്കില്‍ സ്വയം ക്യാപ്റ്റന്‍സി മത്സരാര്‍ഥിയാകുകയോ ചെയ്യാം. അതിനായി കൂടുതല്‍ ഹൗസ്‌മേറ്റ്‌സ് തിരഞ്ഞെടുത്തത് ജിസേലിനെയാണ്. ക്യാപ്റ്റന്‍സി മത്സരാര്‍ഥിയാകാം എന്ന ഓഫറാണ് ജിസേല്‍ തിരഞ്ഞെടുത്തത്.
















