Cinema Entertainment

ആ വിമാന ദുരന്തത്തിൽ ഞാനും ഉണ്ടാവേണ്ടതായിരുന്നു; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി മീന

മലയാളികൾക്ക് ഇന്നും മറക്കാനാവാത്ത നടിയാണ് സൗന്ദര്യ. കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ ആമിനയെ അത്രവേ​ഗം മലയാളികൾക്ക് മറക്കാൻ കഴിയില്ല. 2004-ൽ വെറും 31-ാം വയസ്സിലാണ് സൗന്ദര്യ വിമാനം ദുരന്തത്തിൽ മരിച്ചത്. ആ അപകടത്തിൽ താനുമുണ്ടായേനെയെന്ന് നടി മീന വെളിപ്പെടുത്തി. ജഗപതി ബാബുവിന്റെ ടോക്ക് ഷോയിൽ സംസാരിക്കവേയാണ് മീന സൗന്ദര്യയുമായുള്ള സൗഹൃദത്തെ കുറിച്ചും, ആ ദാരുണ അനുഭവത്തെ കുറിച്ചും പങ്കുവെച്ചത്.

സൗന്ദര്യയും മീനയും അടുത്ത സുഹൃത്തുക്കളായിരുന്നു. സൗന്ദര്യ വളരെ സ്വീറ്റായിരുന്നു എന്നും നടിയുടെ മരണം മീനയ്ക്ക് വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നും മീന പറഞ്ഞു.സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും സജീവമായിരുന്ന സൗന്ദര്യ, തെലുങ്കാനയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഒരു രാഷ്ട്രീയ കാമ്പയിനിങിനിടെ യാത്ര ചെയ്തിരുന്ന പ്രൈവറ്റ് ജെറ്റ് തകർന്നാണ് ദുരന്തം സംഭവിച്ചത്. സൗന്ദര്യയും സഹോദരനും അപകടത്തിൽ മരണമടഞ്ഞു. അന്ന് സൗന്ദര്യ ഗർഭിണിയായിരുന്നു എന്നതും ആരാധകരെ ഏറെ വേദനിപ്പിച്ച വാർത്തയായിരുന്നു.

“ആ കാമ്പയിനിങിനായി എനിക്കും ക്ഷണം ഉണ്ടായിരുന്നുവെങ്കിലും ഷൂട്ടിങ് തിരക്കുകൾ കാരണം യാത്ര ഒഴിവാക്കുകയായിരുന്നു. അടുത്ത ദിവസം അപകടവാർത്ത കേട്ടപ്പോൾ തീർത്തും നടുങ്ങിപ്പോയി. ഇന്നും ഓർക്കുമ്പോൾ പേടിയാണ്,” എന്ന് മീന വെളിപ്പെടുത്തി. സൗന്ദര്യയുടെ മരണം കഴിഞ്ഞിട്ട് 21 വർഷമായിട്ടും ഇതുവരെ മീന അഭിമുഖങ്ങളിൽ പറഞ്ഞിട്ടില്ലാത്ത കാര്യമായതിനാൽ, ഇപ്പോൾ ആരാധകരും പ്രേക്ഷകരും അതിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ്.

Related Posts