ബോക്‌സ്ഓഫീസില്‍ ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര കുതിപ്പ് തുടരുകയാണ്. മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ സിനിമയാകാന്‍ ലോകഃയ്ക്കു ഇനി മറികടക്കാനുള്ളത് എമ്പുരാന്‍ കടമ്പ മാത്രം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ വേള്‍ഡ് വൈഡായി കളക്ട് ചെയ്തത് 265 കോടിയാണ്. ലോകഃയുടെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 255 കോടിയിലേക്ക് എത്തി. എമ്പുരാനെ മറികടക്കാന്‍ ലോകഃയ്ക്കു വേണ്ടത് ഏതാണ്ട് 10 കോടി കൂടി. ഈ ആഴ്ച തന്നെ എമ്പുരാനെ മറികടന്ന് ലോകഃ മലയാളത്തിന്റെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റാകും.
ഇരു ചിത്രങ്ങളുടെ മുടക്കുമുതല്‍ പരിശോധിച്ചാല്‍ കൂടുതല്‍ ലാഭം ലോകഃയ്ക്കാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം എമ്പുരാന്‍ 150 കോടി ചെലവഴിച്ച് ഒരുക്കിയ ചിത്രമാണ്. ലോകഃ ആകട്ടെ വെറും 30 കോടിക്കും. കേരള ബോക്‌സ്ഓഫീസ് കളക്ഷന്‍ കൊണ്ട് മാത്രം നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസ് മുടക്കുമുതല്‍ പിടിച്ചെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസ് കളക്ഷനില്‍ 2018, തുടരും, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകളെ മറികടന്നാണ് ലോകഃ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
റിലീസിനു ശേഷമുള്ള 20-ാം ദിവസമായ ഇന്നലെ (ചൊവ്വ) 2.09 കോടിയാണ് ലോകഃയുടെ കേരള ബോക്‌സ്ഓഫീസ് കളക്ഷന്‍. കേരളത്തില്‍ നിന്ന് മാത്രമുള്ള ലോകഃയുടെ കളക്ഷന്‍ 92.99 കോടിയായി. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ സിനിമകളില്‍ രണ്ടാം സ്ഥാനത്താണ് ലോകഃ. മോഹന്‍ലാല്‍ ചിത്രം തുടരും ആണ് ഒന്നാം സ്ഥാനത്ത്. കേരള ബോക്‌സ്ഓഫീസ് കളക്ഷനില്‍ തുടരും ചിത്രത്തെ മറികടക്കാന്‍ ലോകഃയ്ക്കു സാധിക്കില്ല. അതേസമയം ലോകഃയുടെ ഒടിടി റിലീസ് ഉടന്‍ ഉണ്ടാകും. നെറ്റ്ഫ്‌ളിക്‌സ് ആണ് ലോകഃയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
അടുത്ത ചാപ്റ്റര്‍
ലോകഃയുടെ രണ്ടാം ചാപ്റ്ററിന്റെ തിരക്കഥ ജോലിയിലേക്ക് ഉടന്‍ കടക്കുമെന്നാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍ പറഞ്ഞത്. ടൊവിനോ തോമസിന്റെ ചാത്തന്‍ എന്ന കഥാപാത്രമായിരിക്കും രണ്ടാമത്തെ ചാപ്റ്ററില്‍ പ്രധാന വേഷം അവതരിപ്പിക്കുക. അടുത്ത ചാപ്റ്റര്‍ മുഴുനീള ടൊവിനോ ചിത്രമായിരിക്കുമെന്ന് ഡൊമിനിക് അരുണ്‍ വെളിപ്പെടുത്തി. മൂന്നാം ചാപ്റ്ററില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുമെന്നും ഡൊമിനിക് കൂട്ടിച്ചേര്‍ത്തു. ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്ന ചാപ്റ്ററില്‍ മമ്മൂട്ടിയും അഭിനയിക്കും.
















