ബിഗ് ബോസ് മലയാളത്തില്‍ പ്രേക്ഷകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് ഹോട്ടല്‍ ടാസ്‌ക്. ബിബി ഹൗസ് ഒരു ഹോട്ടല്‍ ആകുകയും മത്സരാര്‍ഥികള്‍ക്കു ഓരോ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു. പിന്നീട് ഹൗസിലേക്ക് ചില അതിഥികള്‍ എത്തും. ഈ അതിഥികളില്‍ നിന്ന് പോയിന്റുകള്‍ കരസ്ഥമാക്കുകയാണ് ഓരോ മത്സരാര്‍ഥികളും ചെയ്യേണ്ടത്.
ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ ഹോട്ടല്‍ ടാസ്‌ക്കിനു ഇന്നലെ തുടക്കമായി. മുന്‍ സീസണുകളിലെ മത്സരാര്‍ഥികളായ ശോഭ വിശ്വനാഥ്, ഷിയാസ് കരീം എന്നിവരാണ് ബിബി സെവന്‍ ഹോട്ടലിലേക്ക് എത്തിയ അതിഥികള്‍.
ഹോട്ടല്‍ ടാസ്‌ക് പൊതുവെ ബോറടിയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഓരോ ചുമതലുകളും ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന മത്സരാര്‍ഥികള്‍ ആ ചുമതല നിര്‍വഹിക്കാതെ അതിഥികളെ സുഖിപ്പിക്കാനാണ് കളിക്കുന്നതെന്നും അതുകൊണ്ട് ഹോട്ടല്‍ ടാസ്‌ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയിട്ടില്ലെന്നും പ്രേക്ഷകര്‍ പറയുന്നു.
ബിബി ഹോട്ടലിലെത്തിയ അതിഥികളില്‍ ഒരാളായ ശോഭയുടെ ടാര്‍ഗറ്റ് വേദ് ലക്ഷ്മിയായിരുന്നു. ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ ആണ് ലക്ഷ്മി. അടുത്തുനില്‍ക്കുമ്പോള്‍ തനിക്കു തുമ്മല്‍ വരുന്നെന്ന് പറഞ്ഞ് മൂന്ന് തവണയാണ് ശോഭ വിശ്വനാഥ് ലക്ഷ്മിയോടു കുളിക്കാന്‍ ആവശ്യപ്പെട്ടത്. ലെസ്ബിയന്‍ മത്സരാര്‍ഥികളായ ആദിലയ്ക്കും നൂറയ്ക്കുമെതിരെ ലക്ഷ്മി നടത്തിയ ഹോമോഫോബിക് പരാമര്‍ശത്തില്‍ ഊന്നിയാണ് ശോഭയുടെ നീക്കം.
ഹോമോസെക്ഷ്വല്‍ ബന്ധത്തെ നോര്‍മലൈസ് ചെയ്യുന്നതിനോടു തനിക്കു വിയോജിപ്പുണ്ടെന്ന് ലക്ഷ്മി വീണ്ടും ആവര്‍ത്തിച്ചു. ആ സമയത്ത് ഒന്നുകൂടി പോയി കുളിച്ചിട്ടുവരൂ, ശരീരത്തില്‍ നിന്ന് അഴുക്കൊക്കെ പോകട്ടെ എന്നാണ് ശോഭ പറയുന്നത്. ഇത്തരത്തില്‍ മൂന്ന് തവണയാണ് ജനറല്‍ മാനേജര്‍ ആയ ലക്ഷ്മിക്കു കുളിക്കേണ്ടിവന്നത്.
ഹോട്ടല്‍ ഉടമയുടെ മകളായാണ് ആദില ഹോട്ടല്‍ ടാസ്‌ക്കില്‍ പെര്‍ഫോം ചെയ്യേണ്ടത്. നൂറയാകട്ടെ ഹോട്ടലിലെ ടോയ്‌ലറ്റ് ക്ലീനിങ് സ്റ്റാഫ്. ഹോട്ടല്‍ ജനറല്‍ മാനേജറായ ലക്ഷ്മിയുടെ മുന്നില്‍വെച്ച് ആദിലയോടു നൂറയെ പ്രൊപ്പോസ് ചെയ്യാന്‍ ശോഭ ആവശ്യപ്പെടുന്നു. ഹൗസ്‌മേറ്റ്‌സിനെയും അതിഥികളെയും സാക്ഷിനിര്‍ത്തി ആദില നൂറയെ പ്രൊപ്പോസ് ചെയ്യുന്നതും കാണാം. ഈ സമയത്ത് ലക്ഷ്മിയും അവിടെ ഉണ്ടായിരുന്നു.
ഹോട്ടലിലേക്ക് അതിഥിയായി ഇനി വരാനുള്ളത് റിയാസ് സലിം ആണ്. റിയാസിന്റെയും ടാര്‍ഗറ്റ് ലക്ഷ്മി തന്നെയായിരിക്കുമെന്നാണ് പുതിയ പ്രൊമോയില്‍ നിന്ന് വ്യക്തമാകുന്നത്.
















