Cinema Entertainment Homepage Featured

ഹാൻസ് രാജ് കോളേജിൽ ആവേശം ആയിരുന്ന ആ താരം ആരാണ് ! അനുരാഗ് കശ്യപ് രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു

മുംബൈ: ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹാൻസ് രാജ് കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ തരംഗമായിരുന്ന താരത്തെക്കുറിച്ചു വെളിപ്പെടുത്തൽ നടത്തുകയാണ് ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ്. ബോളിവുഡിലെ കിംഗ് ഖാൻ ആവുന്നതിന് മുമ്പ് ഷാരൂഖ്, ഹാൻസ് രാജ് കോളേജിന്റെ എംവിപിയായിരുന്നു എന്നാണ് അനുരാഗ് പറയുന്നത്. ബുക്ക് മൈഷോയുടെ യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിലാണ് അനുരാഗ് ഷാരൂഖുമൊത്തുള്ള അനുഭവങ്ങൾ പങ്കു വെച്ചത്. ബോളിവുഡിന്റെ രാജാവാകുന്നതിനു മുമ്പുതന്നെ ഷാരൂഖ് കാമ്പസിൽ തരംഗം സൃഷ്ടിച്ചിരുന്നു. കോളേജിൽ അദ്ദേഹം എന്റെ സീനിയറായിരുന്നു. 1992-ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്റെ ദീവാന എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ആവേശം അനുരാഗ് കശ്യപ് ഓർത്തെടുത്തു.

“ആ ദിവസം മറക്കാൻ കഴിയില്ല. ഞങ്ങളുടെ മുഴുവൻ കോളേജും സിനിമ കാണാൻ പോയി. ഞങ്ങൾ അംബ തിയേറ്റർ ബുക്ക് ചെയ്തു, എല്ലാവരും പോയി. ചിത്രത്തിലെ ഷാരൂഖിന്റെ എൻട്രി ‘കോയി നാ കോയി ചാഹിയേ’ എന്ന ഗാനത്തിലായിരുന്നു, മുഴുവൻ ജനക്കൂട്ടവും ഭ്രാന്തന്മാരായി എന്ന് വേണം പറയാൻ. ആർക്കും ആ പാട്ട് കേൾക്കാൻ പോലും കഴിഞ്ഞില്ല. ഞങ്ങളുടെ സീനിയർ ആദ്യമായി ഒരു വലിയ സിനിമയിൽ അഭിനയിക്കുന്നതിൽ ഞങ്ങൾക്ക് വളരെ അഭിമാനമുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.

” പഠിക്കുന്ന കാലത്തു ഷാരുഖിന് സ്പോർട്സിൽ താല്പര്യം ഉണ്ടായിരുന്നു. അദ്ദേഹം ഹോക്കി ക്യാപ്റ്റനായിരുന്നു, ബാസ്കറ്റ്ബോൾ ക്യാപ്റ്റനായിരുന്നു, കോളേജിലെ മികച്ച കായികതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സാമ്പത്തിക ശാസ്ത്രത്തിലെ ടോപ്പറായിരുന്നു അദ്ദേഹം. വെറുതെ ഒരു സൂപ്പർസ്റ്റാറല്ല അദ്ദേഹം. അക്കാദമിക്, സ്പോർട്സ്, നേതൃത്വപാടവം എന്നിവയിൽ മികവ് പുലർത്തിയ ഒരു ചെറുപ്പക്കാരന്റെ ചിത്രം ഓർമകളിലൂടെ അനാവരണം ചെയ്യുകയായിരുന്നു അനുരാഗ്.

ഷാരൂഖ് ഖാന്റെ ആഹ്വാനങ്ങൾ, ഉപദേശങ്ങൾ, ബോളിവുഡിലെ ശക്തമായ ഒരു വ്യക്തിത്വം എന്ന നിലയിലുള്ള ഇടപെടലുകൾ എന്നിവയെല്ലാം കോർത്തിണക്കിയായിരുന്നു അനുരാഗിന്റെ വെളിപ്പെടുത്തലുകൾ. കോളേജ് ഓർമ്മകൾക്കപ്പുറം, താൻ ഇപ്പോഴും നടനുമായി ബന്ധം പുലർത്തുന്നുണ്ടെന്നും അനുരാഗ് കശ്യപ് വെളിപ്പെടുത്തി. സെപ്റ്റംബർ 19 ന് റിലീസ് ചെയ്യാൻ പോകുന്ന തന്റെ പുതിയ ചിത്രമായ നിഷാഞ്ചിക്കായി ഒരുങ്ങുകയാണ് അനുരാഗ് കശ്യപ്. അതേസമയം, ഷാരൂഖ് ഖാൻ തന്റെ വരാനിരിക്കുന്ന പ്രോജക്റ്റ് കിംഗിന്റെ തിരക്കിലാണ്.

Related Posts