ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘കൂലി’യിലെ ആമിര്‍ ഖാന്റെ കാമിയോ വേഷം വലിയ രീതിയില്‍ പരിഹസിക്കപ്പെട്ടിരുന്നു. ബോളിവുഡിലെ സൂപ്പര്‍താരത്തെ ഒരു ‘കോമഡി പീസാക്കി’ എന്നായിരുന്നു കൂലി കണ്ട പ്രേക്ഷകര്‍ പരിഹസിച്ചത്. ഇതിനു പിന്നാലെയാണ് ലോകേഷ് കനകരാജും ആമിര്‍ ഖാനും തമ്മിലുള്ള ബന്ധം വഷളായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
കൂലിയില്‍ കാമിയോ റോള്‍ ചെയ്യാന്‍ ആമിര്‍ ഖാന്‍ തീരുമാനിച്ചത് ലോകേഷുമായുള്ള സൗഹൃദത്തിന്റെ പുറത്താണ്. രജനികാന്ത് ചിത്രമായതിനാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആമിര്‍ ഖാന്‍ ലോകേഷിനു ഡേറ്റ് നല്‍കി. കൂലിക്കു ശേഷം ലോകേഷ് സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതും ഒരു ആമിര്‍ ഖാന്‍ ചിത്രമാണ്. ഈ പ്രൊജക്ടിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
ആമിര്‍ ഖാനെ നായകനാക്കി ഒരു സൂപ്പര്‍ഹീറോ ചിത്രം ചെയ്യാനായിരുന്നു ലോകേഷിന്റെ ഉദ്ദേശം. ഇതിനായി ആമിര്‍ ഡേറ്റ് നല്‍കുകയും 2026 ല്‍ ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിച്ചതുമാണ്. എന്നാല്‍ കൂലിയുടെ വീഴ്ചയ്ക്കു പിന്നാലെ ലോകേഷും ആമിര്‍ ഖാനും അകല്‍ച്ചയിലാണെന്ന് ബോളിവുഡുമായി അടുത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരക്കഥ പൂര്‍ണമായി പൂര്‍ത്തിയാക്കാത്തതാണ് ആമിറിനെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ഒരു ഡ്രാഫ്റ്റ് തയ്യാറാക്കി ചിത്രീകരണം ആരംഭിക്കാനും ഷൂട്ടിങ്ങിനിടെ തിരക്കഥയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താമെന്നുമായിരുന്നു ലോകേഷിന്റെ നിലപാട്. എന്നാല്‍ തിരക്കഥ പൂര്‍ണമായി പൂര്‍ത്തിയാക്കിയ ശേഷം മാത്രം ചിത്രീകരണം ആരംഭിച്ചാല്‍ മതിയെന്നാണ് ആമിറിന്റെ പക്ഷം. ഈ അഭിപ്രായ വ്യത്യാസമാണ് ലോകേഷ് – ആമിര്‍ പ്രൊജക്ടിനെ അനിശ്ചിതത്വത്തില്‍ ആക്കിയിരിക്കുന്നതെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകേഷ് കനകരാജ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുകയാണെന്ന് ആമിര്‍ ഖാന്‍ തന്നെയാണ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. കൂലിക്ക് ശേഷമാണ് തിരക്കഥയുടെ കാര്യത്തില്‍ ആമിര്‍ കര്‍ക്കശ നിലപാടെടുത്തിരിക്കുന്നത്. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് ഇരുവരും ഔദ്യോഗിക പ്രതികരണങ്ങളൊന്നും പിന്നീട് നടത്തിയിട്ടില്ല.
അതേസമയം കൂലിയിലെ തന്റെ കാമിയോ വേഷത്തില്‍ ആമിര്‍ നിരാശനാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. രജനികാന്തിനായി ചെയ്ത സിനിമയാണെന്നും എന്നാല്‍ കഥാപാത്രസൃഷ്ടി അമ്പേ പരാജയമായെന്നുമാണ് ആമിര്‍ നിരാശപ്രകടിപ്പിച്ചത്.