മഞ്ജു വാരിയർ എന്ന പേര് മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്നത് 1996 ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഒരു വർഷം ആകുമ്പോഴേക്കും പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുകയെന്നത് അക്കാലത്ത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ തന്റെ 18-ാം വയസ്സിൽ തന്നെ മഞ്ജു അത് സാധ്യമാക്കി.
മഞ്ജുവിന്റെ ഏറ്റവും ബോൾഡ് പെർഫോമൻസ് 1999 ൽ പുറത്തിറങ്ങിയ ടി.കെ.രാജീവ് കുമാറിന്റെ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലാണ്. സ്വന്തം ജീവിതം തകർത്തവരെ കാമാഗ്നിയിൽ ചുട്ടെരിക്കാനെത്തിയ ഭദ്ര എന്ന കഥാപാത്രമായി മഞ്ജു വാരിയർ തിളങ്ങിയപ്പോൾ ആ വർഷത്തെ ദേശീയ സിനിമ പുരസ്കാരങ്ങളിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിനു അവർ അർഹയായി. ഭദ്രയായി മഞ്ജു പ്രേക്ഷകരെ ഞെട്ടിക്കുമ്പോൾ പ്രായം വെറും 21 മാത്രമാണെന്ന് ഓർക്കണം.
ഈ പുഴയും കടന്ന്, ആറാം തമ്പുരാൻ, കന്മദം, കളിയാട്ടം, സമ്മർ ഇൻ ബെത്ലഹേം, പ്രണയവർണങ്ങൾ, പത്രം, ഇരട്ടകുട്ടികളുടെ അച്ഛൻ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് തുടങ്ങി ആദ്യ കാലത്ത് മഞ്ജു ചെയ്ത സിനിമകളെല്ലാം കഥാപാത്രത്തിന്റെ മേന്മ കൊണ്ടും പ്രേക്ഷകർ ചർച്ച ചെയ്തവയാണ്. സിനിമയിൽ സജീവമായിരുന്ന നാല് വർഷകാലം കൊണ്ട് ഇരുപതോളം സിനിമകളിലാണ് മഞ്ജു അഭിനയിച്ചത്. അതിൽ മുക്കാൽഭാഗം സിനിമകളും തിയറ്റർ വിജയം നേടിയതിനൊപ്പം മഞ്ജുവെന്ന അഭിനേത്രിയെ കൂടി അടയാളപ്പെടുത്തി.
കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്താണ് മഞ്ജു വിവാഹിതയാകുന്നത്. സല്ലാപം, ഈ പുഴയും കടന്ന് സിനിമകളിൽ തന്റെ നായകനായിരുന്ന ദിലീപിനെ മഞ്ജു ജീവിതത്തിലും നായകനാക്കി. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് താരം വലിയൊരു ഇടവേളയെടുത്തു. മഞ്ജുവിനോടു സിനിമ നിർത്താൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അക്കാലത്ത് പല അഭിമുഖങ്ങളിലും ദിലീപ് പറഞ്ഞത്. സിനിമയിൽ നിന്ന് ഇടവേളയെടുത്തത് ആരുടെയെങ്കിലും സമ്മർദ്ദത്താൽ ആണെന്ന് മഞ്ജുവും പറഞ്ഞിട്ടില്ല. മികച്ച നർത്തകി കൂടിയായ മഞ്ജു ഇതിനിടെ നൃത്തരംഗത്തുനിന്നും മാറിനിന്നു.
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം, കൃത്യമായി പറഞ്ഞാൽ 2012 ഒക്ടോബർ 24-ാം തിയതിയാണ് മഞ്ജു തിരിച്ചുവരവിന്റെ സൂചന നൽകുന്നത്. ഗുരുവായൂർ ക്ഷേത്രം സംഘടിപ്പിച്ച നവരാത്രി നൃത്തോത്സവത്തിൽ മഞ്ജു ചിലങ്കയണിഞ്ഞു. അപ്പോഴും സിനിമയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് ആലോചനയിലില്ലെന്നാണ് മഞ്ജു പറഞ്ഞത്. എന്നാൽ അധികം വൈകാതെ മഞ്ജുവിനെ സ്ക്രീനിലും കണ്ടു. ഇതിനിടെ ദിലീപുമായുള്ള ദാമ്പത്യബന്ധത്തിനും മഞ്ജു ഫുൾസ്റ്റോപ്പിട്ടു.
റോഷൻ ആൻഡ്രൂസിന്റെ ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെയാണ് 2014 ൽ മഞ്ജുവിന്റെ തിരിച്ചുവരവ്. ആ തിരിച്ചുവരവിനെ ‘ജീവിതം തിരിച്ചുപിടിച്ച തിരിച്ചുവരവ്’ എന്ന് വിശേഷിപ്പിക്കാനാകും മഞ്ജു ആഗ്രഹിക്കുന്നത്. വർഷങ്ങളോളം സിനിമയിൽ നിന്ന് മാറിനിന്നിട്ടും മഞ്ജുവിന്റെ തിരിച്ചുവരവിൽ മലയാളികൾ നൽകിയ സ്നേഹവും സ്വീകാര്യതയും അതിശയിപ്പിക്കുന്നതായിരുന്നു. ‘ഹൗ ഓൾഡ് ആർ യു’ റിലീസ് ചെയ്ത തിയറ്ററുകൾക്കു മുന്നിൽ അന്ന് മഞ്ജുവിനായി ഫ്ളക്സ് ബോർഡുകൾ പോലും ഉയർന്നു. ‘മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ’ എന്നാണ് പ്രേക്ഷകർ മഞ്ജുവിനെ മനസുനിറഞ്ഞ് വിളിച്ചത്.
ആദ്യകാലത്ത് കഥാപാത്രങ്ങളുടെ സ്വഭാവം ബഹുഭൂരിപക്ഷവും ഒരേ പാറ്റേണിൽ ആയിരുന്നെങ്കിൽ രണ്ടാം വരവിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ മഞ്ജു ശ്രദ്ധിച്ചു. എന്നും എപ്പോഴും, റാണി പത്മിനി, വേട്ട, കെയർ ഓഫ് സൈറ ഭാനു, ഉദാഹരണം സുജാത, വില്ലൻ, ആമി, ഒടിയൻ, ലൂസിഫർ, പ്രതി പൂവൻകോഴി, ചതുർമുഖം, ലളിതം സുന്ദരം, എമ്പുരാൻ തുടങ്ങി മലയാളത്തിൽ തനിക്ക് മാത്രമായി ഒരു സ്പേസ് ഇപ്പോഴും ഉണ്ടെന്ന് മഞ്ജു ആവർത്തിച്ചു.
ഇതിനിടെ മലയാളത്തിനു പുറത്തും മഞ്ജു ശ്രദ്ധിക്കപ്പെട്ടു. വെട്രിമാരൻ ചിത്രം ‘അസുരനി’ൽ ധനുഷിനൊപ്പം മത്സരിച്ചഭിനയിക്കുകയായിരുന്നു മഞ്ജു. എച്ച് വിനോദിന്റെ അജിത്ത് കുമാർ ചിത്രം തുനിവ്, വെട്രിമാരന്റെ ‘വിടുതലൈ’, ടി.ജെ ജ്ഞാനവേൽ ചിത്രം വേട്ടൈയനിൽ സാക്ഷാൽ രജനിയുടെ നായിക എന്നിങ്ങനെയെല്ലാം മഞ്ജു തന്റെ കരിയർ ഗ്രാഫ് ഉയർത്തി. നിലവിൽ ഏറ്റവും താരമൂല്യമുള്ള മലയാളി നടിമാരിൽ ആദ്യ അഞ്ചിൽ മഞ്ജുവും ഉണ്ട്. 18 വയസിൽ മലയാളി പ്രേക്ഷകർ നൽകിയ സ്നേഹവും സ്വീകാര്യതയും ഇന്ന് 47 വയസ്സിലും മഞ്ജുവിനു ലഭിക്കുന്നുണ്ട്. മലയാളത്തിൽ അപൂർവം നടിമാർക്കെ ഈ തുടർച്ച ലഭിച്ചിട്ടുള്ളൂവെന്നത് കൂടി പരിഗണിക്കുമ്പോൾ മഞ്ജു പ്രേക്ഷകർക്കു എത്രത്തോളം പ്രിയപ്പെട്ട അഭിനേത്രിയാണെന്നത് വ്യക്തം. മലയാളത്തിന്റെ ലേഡി സൂപ്പർസാറിന് ജന്മദിനാശംസകൾ..!