ചരിത്രത്തിനു സാക്ഷ്യംവഹിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സിനിമ. തമിഴകത്തിന്റെ പാന്‍ ഇന്ത്യന്‍ താരങ്ങളായ രജനികാന്തും കമല്‍ഹാസനും ഒന്നിക്കുന്നു. 46 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും സ്‌ക്രീനില്‍ ഒന്നിച്ചെത്തുമ്പോള്‍ അതില്‍പരം എന്തുവേണം സിനിമ പ്രേമികള്‍ക്ക് ആഘോഷിക്കാന്‍ !
രജനിക്കൊപ്പം സിനിമ ചെയ്യാന്‍ പോകുന്നതായി കമല്‍ തന്നെയാണ് വെളിപ്പെടുത്തിയത്. സൈമ അവാര്‍ഡ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ അവതാരകനും നടനുമായ സതിഷ് ആണ് രജനിയും കമലും ഒന്നിക്കുകയാണെന്ന ചില വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചത്. അതിനു കമല്‍ നല്‍കിയ മറുപടി ആരാധകരില്‍ രോമാഞ്ചം ഉളവാക്കുന്നതായിരുന്നു.
‘ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഒരു ബിസ്‌കറ്റ് രണ്ടാക്കി പങ്കുവെച്ച് കഴിച്ചിരുന്നവരാണ്. ഓരോരുത്തര്‍ക്കും വേറെ വേറെ ബിസ്‌കറ്റ് വേണമെന്നായപ്പോള്‍ അങ്ങനെ വാങ്ങിക്കഴിച്ചു. ഇപ്പോള്‍ വീണ്ടും ഒരു ബിസ്‌കറ്റ് പകുത്ത് കഴിക്കാന്‍ പോകുന്നുവെന്ന സന്തോഷമുണ്ട്. ഞങ്ങള്‍ വീണ്ടും ഒരുമിക്കാന്‍ പോകുന്നു. ഞങ്ങള്‍ക്കുള്ളില്‍ മത്സരമുണ്ടെന്നത് പ്രേക്ഷകര്‍ ഉണ്ടാക്കിയ വശമാണ്. ഞങ്ങള്‍ക്കത് മത്സരമേയായിരുന്നില്ല, ഞങ്ങള്‍ ഒരുമിക്കുന്നു എന്നത് ബിസിനസ് തലത്തില്‍ ആശ്ചര്യമുണ്ടാക്കുന്ന കാര്യമാണ്. ഇപ്പോഴെങ്കിലും അത് സാധ്യമാകുകയാണല്ലോ എന്നാണ് ഞങ്ങള്‍ക്ക്. അത് നടക്കട്ടെ. ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചതിനു നന്ദി. ഇനി ആ പ്രതീക്ഷയ്‌ക്കൊത്തു കാര്യങ്ങള്‍ നടപ്പിലാക്കേണ്ടത് ഞങ്ങളാണ്,’ കമല്‍ പറഞ്ഞു.
രജനിയും കമലും ഒന്നിക്കുന്ന പ്രൊജക്ട് ഏതാണെന്ന് നിലവില്‍ വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കമല്‍ പങ്കുവെച്ചിട്ടുമില്ല. അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യാന്‍ പോകുന്ന ‘എല്‍സിയു’വിലെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്) അവസാന ഭാഗത്തിലായിരിക്കും സൂപ്പര്‍താരങ്ങളുടെ ഒത്തുചേരല്‍ എന്നാണ് ആരാധകരുടെ പ്രവചനം. രജനിക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് കമല്‍ നേരത്തെയും വെളിപ്പെടുത്തിയിട്ടുണ്ട്.
കെ.ബാലചന്ദറിന്റെ ശിഷ്യന്‍മാരായി 1970 കളിലാണ് രജനിയും കമലും സിനിമ ജീവിതത്തിനു തുടക്കമിട്ടത്. അപൂര്‍വ്വ രാഗങ്ങള്‍, മൂന്‍ഡ്രു മുടിച്ചു, അവര്‍ഗള്‍, 16 വയതിനിലെ, അടു പുലി ആട്ടം, അവള്‍ അപ്പടിതാന്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. 1979 ല്‍ പുറത്തിറങ്ങിയ അലാവുദ്ധീനും അത്ഭുതവിളക്കും ആണ് ഇരുവരും പ്രധാന വേഷങ്ങളില്‍ ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.