മലയാള സിനിമയിലെ ക്രൗഡ് പുള്ളർ എന്ന പേരിൽ ശ്രദ്ധ നേടിയ താരമാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രം മലർവാടി ആർട്സ് ക്ലബിലൂടെയാണ് നിവിൻ സിനിമയിലെത്തിയത്. എന്നാൽ അദ്ദേഹത്തെ താരപദവിയിലേക്ക് ഉയർത്തിയത് തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിന്റെ വൻ വിജയമാണ്. തുടർന്ന് നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ ഹിറ്റുകൾ വഴി യുവാക്കളുടെ പ്രിയതാരമായി മാറിയ നിവിൻ, പ്രേമം എന്ന റൊമാന്റിക് ഡ്രാമ ഹിറ്റായതോടെ സൂപ്പർതാര പദവിയും നേടി.
എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിവിന്റെ കരിയർ അത്ര നല്ല രീതിയിലല്ല. അനൗൺസ് ചെയ്തതിന് അപ്രത്യക്ഷമായ പ്രോജക്ടുകളുടെ എണ്ണം വളരെയേറെയാണെന്നതാണ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ‘അമർ ചിത്ര ഗാഥാ’ എന്ന പേരിൽ ആരംഭിച്ച്, പിന്നീട് ‘താരം’ എന്നാക്കി ചിത്രീകരണം തുടങ്ങിയ റൊമാന്റിക് ഡ്രാമ ഒരു ഷെഡ്യൂൾ കഴിഞ്ഞ് തന്നെ നിർത്തിവെച്ചു. ഇതിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. ഇതേ അവസ്ഥയാണ് ആര്യൻ രമണി ഗിരിജാവല്ലഭൻ ഒരുക്കാനിരുന്ന ആക്ഷൻ ത്രില്ലറിനും സംഭവിച്ചത്.
അതുപോലെ തന്നെ, നിവിൻ–ഐശ്വര്യ ലക്ഷ്മി കൂട്ടുകെട്ടിൽ ഒരുക്കാനിരുന്ന ‘ബിസ്മി സ്പെഷ്യൽ’, പുതുമുഖം റോണി മാനുവൽ തോമസ് സംവിധാനം ചെയ്യാനിരുന്ന ‘ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല’ തുടങ്ങിയവയും പ്രഖ്യാപിച്ചെങ്കിലും പിന്നീട് മുന്നോട്ടുപോയില്ല. ചിത്രങ്ങളുടെ അണിയറപ്രവർത്തകരുടെയും, നടന്റെയും മൗനം കണക്കിലെടുത്ത്, ഇവ ഉപേക്ഷിക്കപ്പെട്ടുവെന്നാണു പ്രേക്ഷകരുടെ വിലയിരുത്തൽ. തമിഴിൽ അദ്ദേഹം നായകനായ ‘ഏഴു കടൽ ഏഴു മലൈ’ എന്ന ചിത്രം ഇപ്പോഴും ഫെസ്റ്റിവൽ സ്ക്രീനുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്.
വിനീത് ശ്രീനിവാസന്റെ ചിത്രങ്ങളുടെ സുരക്ഷിത വഴികളിൽ നിന്ന് മാറിയാണ് ഗീതു മോഹൻദാസിന്റെ മൂത്തോൻ പെയ്യുന്നത്. പുതിയ ഴോണറുകൾ പരീക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് കരിയറിൽ മാറ്റം സംഭവിക്കുന്നത്. എന്നാൽ പ്രോജക്ട് തിരഞ്ഞെടുപ്പിലും ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലും നിവിൻ പരാജയപ്പെട്ടു എന്നാണ് ആരാധകരുടെ അഭിപ്രായം. കൂടാതെ, ഫിറ്റ്നസ്സിനും വസ്ത്രധാരണത്തിനും വലിയ പ്രാധാന്യം കൊടുക്കാത്തത്, നടൻ തന്റെ കരിയർ ഗൗരവത്തോടെ കാണുന്നില്ല എന്നതിനുള്ള തെളിവാണെന്നും റെഡിറ്റ് ചർച്ചകളിൽ ചൂണ്ടിക്കാണിക്കുന്നു.