കല്യാണി സൂപ്പർഹീറോ വേഷത്തിലെത്തുന്ന ലോകഃ ചാപ്റ്റർ 1: ചന്ദ്ര വൻ ഹിറ്റായി പ്രേക്ഷക മനസ്സ് കവരുന്നതിനിടയിൽ മകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടിയുടെ അച്ഛനും പ്രശസ്ത സംവിധായകനുമായ പ്രിയദർശൻ. കല്യാണിയെ ഒരു നടിയായി കണ്ടിട്ടില്ലെന്നും താനും ഭാര്യ ലിസ്സിയും ഇന്നും മകളിൽ പഴയ കൊച്ചു കല്യാണിയേയാണ് കാണുന്നതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മകൾ ഒരിക്കലും സിനിമയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും സംവിധായകൻ കൂട്ടിചേർത്തു.
ഇപ്പോൾ ഷൂട്ടിംഗ് തിരക്കിലായതിനാൽ ലോകഃ കാണാൻ കഴിഞ്ഞിട്ടില്ലെന്നും കല്യാണിക്ക് സിനിമാ ഉപദേശങ്ങൾ ഒന്നും തന്നെ ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കല്യാണി അച്ഛനോട് ഉപദേശങ്ങൾ ചോദിക്കാറില്ല. ആകെ ചോദിച്ചത് ഒന്ന് അഭിനയിച്ചു നോക്കട്ടെ? എന്ന് മാത്രമാണെന്നും അതിന് ശേഷമൊന്നും തീരുമാനങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും പ്രിയദർശൻ പറഞ്ഞു. കല്യാണിയുടെ സിനിമകൾ സിനിമകൾ വന്നാൽ കാണും, കണ്ടിട്ട് ആവശ്യമെങ്കിൽ അഭിപ്രായം പറയുകയും ചെയ്യും. അതിനപ്പുറത്തേക്ക് ചെയ്യുന്ന സിനിമയുടെ കഥയെകുറിച്ചോ കഥാപാത്രങ്ങലെ കുറിച്ചോ അദ്ദേഹം മകളോട് ചോദിക്കാറില്ല.
തന്റെ മകൾ ഒരിക്കലും ഒരു നടിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അങ്ങനെ സംഭവിച്ചതിലും കല്യാണിയുടെ വിജയത്തിലും സന്തോഷമുണ്ടെന്നും സംവിധായകൻ പറഞ്ഞു. “എല്ലാ അച്ഛൻമാർക്കും മക്കളുടെ വിജയങ്ങളിൽ തോന്നുന്ന ഒരു സന്തോഷം മാത്രമേ എനിക്കും ഉള്ളു. ഞാൻ ആകെ അവളോട് പറഞ്ഞിട്ടുള്ളത്, വിജയം തലയിലും കയറരുത്, പരാജയം ഹൃദയത്തിലും പോകരുത് – ഇത് മാത്രമാണ് ഞാൻ എന്റെ മകൾക്ക് കൊടുത്തിട്ടുള്ള ഉപദേശം” അദ്ദേഹം പറഞ്ഞു നിർത്തി.
ലോകഃ ചാപ്റ്റർ 1: ചന്ദ്ര എന്ന തന്റെ പുതിയ ചിത്രത്തിന്റെ വൻ വിജയത്തിന്റെ ആവേശത്തിലാണ് നടി കല്യാണി പ്രിയദർശൻ. ഡൊമിനിക് അരുൺ സംവിധാനത്തിൽ സൂപ്പർസ്റ്റാറായി കല്യാണി എത്തിയ ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ്. ബോളിവുഡ് താരങ്ങളുടെ ഉൾപ്പടെ പ്രശംസ നേടിയ ലോകഃ ഇന്ന് 100 കോടിയിലേറെ കളക്ഷൻ നേടി മുന്നേറുകയാണ്. ഒരു സ്ത്രീ കേന്ദ്രകഥാപാത്രമായി എത്തുന്ന മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം കൂടിയാണ് ലോകഃ.