പുരികം ഉള്ളിലേക്ക് വലിച്ച്, നെറ്റി ചുളുക്കി തുളു കലർന്ന മലയാളത്തിൽ ആക്രോഷിക്കുകയും അട്ടഹസിക്കുകയും ചെയ്യുന്ന ഒരു മമ്മൂട്ടി കഥാപാത്രത്തെ നിങ്ങൾ ഓർക്കുന്നുണ്ടോ? അടൂർ എഴുതിവെച്ച ഭാസ്കര പട്ടേലറിനെ അതുപോലെ പകർന്നാടിയ വിധേയനിലെ ആ വേഷം. മലയാള സിനിമയിൽ എല്ലാ കാലത്തും ക്ലാസിക്കായി നിൽക്കുന്ന ഒരു ഫ്രെയിമുണ്ട്, കാള തല കിരീടമാക്കിയ ഭാസ്കര പട്ടേലറുടേത്. അടൂർ ബ്രില്ല്യൻസിനപ്പുറത്ത് അതിനെ ക്ലാസാക്കുന്നത് അത്രമേൽ തുളച്ചു കയറുന്ന ആ മമ്മൂട്ടി നോട്ടമാണ്.
വിധേയനിൽ മാത്രമല്ല, നോട്ടത്തിലൂടെയും ചിരിയിലൂടെയുമെല്ലാം സിനിമ പ്രേക്ഷകരെ പേടിപ്പിച്ച, ത്രസിപ്പിച്ച മമ്മൂട്ടി കഥാപാത്രങ്ങൾ നിരവധിയാണ്. വിധേയൻ എന്ന സിനിമയിലെ ഭാസ്ക്കര പട്ടേലർ ഇന്നും മലയാള സിനിമയിലെ ക്രൂരതയുടെ മുഖമായി ഓർമ്മിക്കപ്പെടുന്നു. സ്ക്രീനിൽ പ്രത്യക്ഷപ്പെടും മുൻപേ പട്ടേലർ എന്ന ജന്മി കഥാപാത്രത്തിന്റെ അധികാര ശക്തിയെ കാഴ്ചക്കാരിലേക്ക് എത്തിക്കാൻ ആ ഖനമുള്ള ശബ്ദം മാത്രം മതി മമ്മൂട്ടിയ്ക്ക്. അടിമത്തത്തിന്റെയും അടിച്ചമർത്തലിന്റെയും പ്രതീകമായ പട്ടേലറുടെ അവതരണം, മമ്മൂട്ടിയുടെ അഭിനയത്തിന്റെ അതിരുകൾ പൊളിച്ചെഴുതി.
സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്ത വരുത്തി മൂന്ന് കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രമായിരുന്നു പാലേരിമാണിക്യം. അതിലെ മുരിക്കിൻ കുന്നത് അഹമ്മദ് ഹാജിയെ അത്രവേഗം ആരും മറക്കാനിടയില്ല. മലയാള സിനിമയിലെ ഏറ്റവും ശക്തമായ വില്ലൻ അവതരണങ്ങളിൽ ഒന്നായി അത് വിലയിരുത്തപ്പെടുന്നു. ഒന്നിനെയും കൂസാത്ത അഹമദ് ഹാജിയുടെ കാട്ടികൂട്ടലുകൾ സ്ക്രീനിൽ അയാൾ ഉള്ളപ്പോഴെല്ലാം കാഴ്ചക്കാരെ അസ്വസ്ഥമാക്കുന്നുണ്ട്.
വിധേയനിലെയും പാലേരിമാണിക്യത്തിലെയും കഥാപാത്രങ്ങൾ മാടമ്പി സ്വഭാവമുള്ളവരാണെങ്കിലും അവരുടെ ശരീര ഭാഷ വ്യത്യസ്തമാണ്. കാഥാപാത്രം ആവശ്യപ്പെടുന്ന ശരീര ഭാഷയ്ക്കനുസരിച്ച് മമ്മൂട്ടിക്ക് മാറാൻ കഴിയുന്നു. അതുപോലെ മറ്റൊന്നാണ് സംസാരഭാഷാ. വിധേയനിൽ തുളു കലർന്ന മലയാളമാണ് ഉപയോഗിക്കുന്നതെങ്കിൽ പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജി വടക്കൻ മലബാറിന്റെ മലയാളമാണ് സംസാരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഭാഷാശൈലിയും അനായാസം അവതരിപ്പിക്കുന്നതിൽ മമ്മൂട്ടിയുടെ തട്ട് താന്ന് തന്നെയിരിക്കും. കഥാപാത്രങ്ങൾക്ക് സംസാര ശൈലിയിലൂടെ വ്യത്യസ്തത കൊണ്ടുവരാൻ മമ്മൂട്ടി പലപ്പോഴും ബോധപൂർവ്വമായ ശ്രമം നടത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്.
സമൂഹത്തിൽ ശക്തമായ സന്ദേശമുയർത്തിയ പുഴുവിലെ കുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഒരു നിമിഷത്തേക്ക് എങ്കിലും മമ്മൂട്ടിയെ വെറുക്കാത്ത മനുഷ്യരുണ്ടാവില്ല. ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രകടനം ഏറ്റവും ശ്രദ്ധേയമാകുന്നത്, കഥാപാത്രത്തിന്റെ ആന്തരിക സംഘർഷവും മാനസിക അവസ്ഥകളും പുറത്തെടുത്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മമായ അഭിനയം കൊണ്ടാണ്. കണ്ണുകളിലെ തീക്ഷ്ണത, സംസാരത്തിലെ പിടിവാശി, ശരീരഭാഷയിലെ കടുപ്പം ഇതെല്ലാം കൂടിയാണ് കുട്ടനെ ജീവിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ആന്തരിക ഭയം, ഇൻസെക്യൂരിറ്റി, ക്രൂരാധിപത്യം എന്നിവ ഓരോ രംഗത്തും വ്യക്തമായി പ്രകടമാക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ജാതിയുടെയും ആണധികാരത്തിന്റെയും പ്രതിഫലനങ്ങളും ആ മുഖത്ത് കൊണ്ടുവരാൻ സറ്റിലായി നടത്തിയ ശ്രമം പൂർണമായി വിജയിച്ചുവെന്നുവേണം പറയാൻ.
അതുപോലെ തന്നെ, ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി, കരുത്തും ഭീകരതയും നിറഞ്ഞ കഥാപാത്രത്തിന്റെ ചിരി ഒന്ന് കൊണ്ട് തന്നെ പ്രേക്ഷകരെ ഒരുപോലെ വിസ്മയിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ അന്തരീക്ഷം തന്നെ കഥാപാത്രത്തിന്റെ ശരീരഭാഷയും മുഖഭാവങ്ങളും നിയന്ത്രിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ അഭിനയം. ഭക്ഷണം കഴിച്ചുകൊണ്ടുപോലും ആളുകളെ ഭയപ്പെടുത്തുന്ന തന്നിലെ വില്ലനിസത്തെ അതേ ഭീകരതയിൽ അവതരിപ്പിക്കുന്നതാണ് ഭ്രമയുഗത്തിൽ കണ്ടത്.
താനൊരു ബോൺ ആക്ടറല്ലായെന്ന് പറയുമ്പോഴും തന്നിലെ അഭിനേതാവിനെ തേച്ചുമിനിക്കിയെടുക്കാൻ ഏത് കഥാപാത്രത്തിനും പാകമാക്കിയെടുക്കാൻ മമ്മൂട്ടി നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അത് ഇനിയും തുടരുമെന്ന് തന്നെയാണ് തന്റെ തിരഞ്ഞെടുപ്പുകളിലൂടെ അദ്ദേഹം അടിവരയിടുന്നതും. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലിലും മമ്മൂട്ടി എത്തുന്നത് വില്ലൻ വേഷത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ പുതിയൊരു വില്ലനെയും വില്ലനിസവുമാകും മലയാളി സിനിമ പ്രേക്ഷകർക്ക് ലഭിക്കുകയെന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല.