മലയാള സിനിമ ചരിത്രത്തിലെ അപൂർവ്വ നേട്ടം ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു മോഹൻലാൽ. തുടർച്ചയായി മൂന്ന് ചിത്രങ്ങൾ 50 കോടി ക്ലബ്ബിലെത്തിച്ച ആദ്യ മലയാള നടനായിരിക്കുകയാണ് താരം. എംപുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ തകർപ്പൻ വിജയത്തിന് പിന്നാലെയാണ് സത്യൻ അന്തിക്കാടിനൊപ്പം ചേർന്ന് ഹൃദയപൂർവ്വവും മോഹൻലാൽ 50 കോടി കടത്തിയത്. മലയാളത്തിൽ ഇന്നുവരെ ഒരു നടന് സ്വന്തമാക്കാൻ സാധിക്കാത്ത നേട്ടം.
അതേസമയം, എംപുരാൻ, തുടരും സിനിമകൾ പോലെ ഹൃദയപൂർവ്വവും 100 കോടി ക്ലബ്ബിലെത്തിക്കാൻ സാധിക്കുമോയെന്നതാണ് സിനിമ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ലോകഃ ചാപ്റ്റർ വൺ ഉണ്ടാക്കിയ ഓളത്തിൽ ഹൃദയപൂർവ്വം മുങ്ങിപോകുമെന്ന് ഒരു വിഭാഗം വിലയിരുത്തിയിരുന്നുവെങ്കിലും 50 കോടി നേട്ടം വലിയൊരു നാഴികകല്ല് തന്നെയാണ്. ഇത് 100 കോടിയിലെത്തിക്കാൻ സാധിച്ചാൽ അത് മോഹൻലാലിനെ സംബന്ധിച്ചിടത്തോളം അത്രവേഗം ആർക്കും സ്വന്തമാക്കാൻ സാധിക്കാത്ത നേട്ടമാകും.
എന്നിരുന്നാലും, ഹൃദയപൂർവ്വം ഒടുവിൽ 100 കോടി രൂപ നേടുമോ എന്ന് കാത്തിരുന്ന് കാണാം. ഒരു ഫീൽ ഗുഡ് ഡ്രാമ ആയതിനാൽ, പ്രേക്ഷകരെ വലിയ തോതിൽ ആകർഷിക്കാൻ ആവശ്യമായ മാസ് അപ്പീൽ ചിത്രത്തിന് ഇല്ല. കൂടാതെ, ഓണം ഉത്സവ വാരാന്ത്യത്തിനുശേഷം കുടുംബ പ്രേക്ഷകർ പോലും കുറഞ്ഞേക്കാം. ഒടുവിൽ, മോഹൻലാലിന്റെ താരബലം മാത്രമാണ് ഹൃദയപൂർവ്വത്തിന്റെ ബോക്സ് ഓഫീസിലെ വിധി നിർണ്ണയിക്കുന്നത്.
ആശിർവാദ് സിനിമാസ് ബാനറിൽ പുറത്തിറങ്ങിയ ചിത്രം, മോഹൻലാലിന്റെ കരിയറിലെ തുടർച്ചയായ ബോക്‌സോഫീസ് വിജയങ്ങളുടെ പട്ടികയിൽ മറ്റൊരു നേട്ടമായി മാറുകയാണ്. വർഷങ്ങൾക്കുശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിച്ചെത്തിയതിനാൽ തന്നെ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ഹൃദയബന്ധങ്ങളെയും കുടുംബജീവിതത്തിലെ സൗന്ദര്യങ്ങളെയും സ്പർശിക്കുന്ന ചിത്രത്തിൽ, അന്തിക്കാടിന്റെ കഥ പറയുന്ന രീതിയും മോഹൻലാലിന്റെ സ്വാഭാവികമായ പ്രകടനവും ഒന്നിച്ചപ്പോൾ, പ്രേക്ഷകർക്ക് ഒരു പുതുമയേറിയ ഓണാനുഭവമായി.
അതേസമയം, ബോക്സ് ഓഫീസിൽ ചരിത്രം തിരുത്തി മുന്നേറുകയാണ് കല്യാണി പ്രിയദർശൻ കേന്ദ്രപാത്രമായി എത്തിയ ലോകഃ – ചാപ്റ്റർ 1. റിലീസായി ഏഴാം ദിവസം നൂറു കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ് ലോകഃ. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ഡൊമിനിക് അരുൺ ചിത്രം. നായിക കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം തെന്നിന്ത്യയിൽ തന്നെ നൂറു കോടി ക്ലബ്ബിൽ ഇടംപിടിക്കുന്നതും അപൂർവ്വ കാഴ്ചയാണ്.
2016 പുറത്തിറങ്ങിയ പുലിമുരുഖനാണ് നൂറു കോടി ക്ലബ്ബിൽ ഇടംപിടിച്ച ആദ്യ ചിത്രം. ലൂസിഫർ, 2018, മഞ്ഞുമൽ ബോയ്സ് തുടങ്ങി മാർക്കോ വരെ 2024ൽ പുറത്തിറങ്ങിയ 9 ചിത്രങ്ങളാണ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. 2025ൽ മാത്രം ഇതുവരെ രണ്ട് ചിത്രങ്ങൾ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. മോഹൻലാൽ നായകനായി എത്തിയ എംപുരാനും തുടരുവുമാണ് നൂരു കോടി അടിച്ചത്.
















