ഈ ഓണത്തിന് ഒരേ ദിവസം റിലീസ് ചെയ്ത രണ്ട് വലിയ ചിത്രങ്ങളാണ് ഹൃദയപൂർവ്വവും ലോകഃ: ചാപ്റ്റർ 1–ചന്ദ്രയും. ലോകഃയ്ക്ക് ആഗോളതലത്തിൽ പ്രേക്ഷകർ വലിയ കൈയ്യടി നൽകിയെങ്കിലും വിട്ടുകൊടുക്കാതെ മുന്നേറുന്ന ഹൃദയപൂർവ്വം റിലീസിൻറെ ആദ്യ ആഴ്ച്ചയിൽ തന്നെ 50 കോടി രൂപ ക്ലബ്ബ് പിന്നിട്ടിരിക്കുകയാണ്. ലോകഃയുടെ കുതിപ്പിനിടയിലാണ് ഹൃദയപൂർവ്വത്തിന്റെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.
വർഷങ്ങൾക്കുശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിച്ചെത്തിയതിനാൽ തന്നെ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ഹൃദയബന്ധങ്ങളെയും കുടുംബജീവിതത്തിലെ സൗന്ദര്യങ്ങളെയും സ്പർശിക്കുന്ന ചിത്രത്തിൽ, അന്തിക്കാടിന്റെ കഥ പറയുന്ന രീതിയും മോഹൻലാലിന്റെ സ്വാഭാവികമായ പ്രകടനവും ഒന്നിച്ചപ്പോൾ, പ്രേക്ഷകർക്ക് ഒരു പുതുമയേറിയ ഓണാനുഭവമായി. മോഹൻലാലിനൊപ്പം പ്രധാന കഥാപാത്രമായി എത്തിയ മാളവിക മോഹന്റെ അഭിനയവും പ്രേക്ഷക പ്രശംസ നേടിയിരുന്നു. തിയേറ്ററിലെത്തിയ കുടുംബ പ്രേക്ഷകരെ ചിത്രം ഏറെ സന്തോഷിപ്പിച്ചു.
ആശിർവാദ് സിനിമാസ് ബാനറിൽ പുറത്തിറങ്ങിയ ചിത്രം, മോഹൻലാലിന്റെ കരിയറിലെ തുടർച്ചയായ ബോക്‌സോഫീസ് വിജയങ്ങളുടെ പട്ടികയിൽ മറ്റൊരു നേട്ടമായി മാറുകയാണ്. അദ്ദേഹത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ തുടരും , എമ്പുരാൻ എന്നിവ 100 കോടി ക്ലബ്ബിലെത്തിയിരുന്നു. വമ്പൻ ബജറ്റ് ഫാന്റസി-ആക്ഷൻ ചിത്രങ്ങൾക്ക് ഇടയിലും, ഫാമിലി ഡ്രാമ ചിത്രത്തിന് വലിയ നേട്ടമുണ്ടാക്കാൻ കഴിയും എന്ന് തെളിയിച്ച ഹൃദയപൂർവ്വം, മലയാളികളുടെ ഓണക്കാല ആഘോഷത്തിന്റെ ഹൃദയത്തിൽ ഇടം നേടിയിരിക്കുകയാണ്.
അതേസമയം, ബോക്സ് ഓഫീസിൽ ചരിത്രം തിരുത്തി മുന്നേറുകയാണ് കല്യാണി പ്രിയദർശൻ കേന്ദ്രപാത്രമായി എത്തിയ ലോകഃ – ചാപ്റ്റർ 1. റിലീസായി ഏഴാം ദിവസം നൂറു കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ് ലോകഃ. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ഡൊമിനിക് അരുൺ ചിത്രം. നായിക കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം തെന്നിന്ത്യയിൽ തന്നെ നൂറു കോടി ക്ലബ്ബിൽ ഇടംപിടിക്കുന്നതും അപൂർവ്വ കാഴ്ചയാണ്.
2016 പുറത്തിറങ്ങിയ പുലിമുരുഖനാണ് നൂറു കോടി ക്ലബ്ബിൽ ഇടംപിടിച്ച ആദ്യ ചിത്രം. ലൂസിഫർ, 2018, മഞ്ഞുമൽ ബോയ്സ് തുടങ്ങി മാർക്കോ വരെ 2024ൽ പുറത്തിറങ്ങിയ 9 ചിത്രങ്ങളാണ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. 2025ൽ മാത്രം ഇതുവരെ രണ്ട് ചിത്രങ്ങൾ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. മോഹൻലാൽ നായകനായി എത്തിയ എംപുരാനും തുടരുവുമാണ് നൂരു കോടി അടിച്ചത്.