Cinema Entertainment Homepage Featured

‘ഞാനൊരു നിര്‍മാതാവ് അല്ലേ? നടന്‍ മാത്രമാണെന്നാണോ?’ ലോകഃയെക്കുറിച്ച് ദുൽഖർ

ലോകഃയുടെ പ്രൊമോഷന്‍ പരിപാടികളില്‍ ദുല്‍ഖര്‍ സല്‍മാന്‍ സജീവമാകാത്തതില്‍ ആരാധകര്‍ക്കു വലിയ വിഷമമുണ്ടായിരുന്നു. എന്നാലിപ്പോള്‍ സിനിമ വലിയ വിജയമായ ശേഷം ആരാധകരുടെ മനസ് നിറയ്ക്കുകയാണ് ദുല്‍ഖര്‍. ലോകഃയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് ലോകഃ ടീമിനൊപ്പം ആഘോഷിക്കുന്ന ദുല്‍ഖറിനെയാണ് ഇപ്പോള്‍ കാണുന്നത്.

ഹൈദരബാദില്‍ നടന്ന ലോക വിജയാഘോഷത്തില്‍ ദുല്‍ഖര്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ ദുല്‍ഖര്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വേഫറര്‍ ഫിലിംസിന്റെ ഏഴാമത്തെ സിനിമയാണ് ലോകഃ. ഇത്രയും പോസിറ്റിവിറ്റിയും സന്തോഷവും തന്ന മറ്റൊരു സിനിമയില്ലെന്ന് പറഞ്ഞാണ് ദുല്‍ഖര്‍ പ്രസംഗം തുടങ്ങിയത്. എല്ലാവരും ഹൃദയംകൊണ്ട് ആസ്വദിച്ചു ചെയ്ത സിനിമയാണ് ലോകഃയെന്നും അണിയറയിലും അഭിനയിച്ചവര്‍ക്കും നന്ദി പറയുന്നെന്നും ദുല്‍ഖര്‍ പറഞ്ഞു.

ലോകഃയുടെ സെറ്റില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് പോയിരിക്കുന്നത്. എഡിറ്റിങ് സമയത്തും ഒന്നോ രണ്ടോ തവണ മാത്രം. കാരണം തനിക്ക് ഈ ടീമില്‍ അത്രത്തോളം വിശ്വാസം ഉണ്ടായിരുന്നെന്നും ദുല്‍ഖര്‍ പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് നസ്ലനെ ആദ്യമായി പരിചയപ്പെടുന്നത്. വളരെ ക്യൂട്ടാണ് അവന്‍. നമുക്ക് ബാഗില്‍ ഇട്ടു വീട്ടില്‍ കൊണ്ടുപോകാന്‍ തോന്നുമെന്നും ദുല്‍ഖര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

സലിം കുമാറിനെ പോലെ തന്നെയാണ് കോമഡി കൈകാര്യം ചെയ്യുന്നതില്‍ ചന്തു സലിം. താന്‍ പറയാതെ തന്നെയാണ് അരുണ്‍ കുര്യന്‍ ഈ സിനിമയിലേക്ക് എത്തിയതെന്നും ദുല്‍ഖര്‍ പറഞ്ഞു.

താന്‍ ലോകഃയിലേക്ക് എത്താന്‍ കാരണം ഛായാഗ്രഹകന്‍ നിമിഷ് രവിയാമെന്ന് ദുല്‍ഖര്‍ പറയുന്നു. ലോകഃയിലേക്ക് തന്നെ കൊണ്ടുവന്നതിനു ദുല്‍ഖര്‍ നിമിഷ് രവിക്ക് നന്ദി പറഞ്ഞു. കിങ് ഓഫ് കൊത്തയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് ലോകഃയുമായി ബന്ധപ്പെട്ട് നിമിഷ് സംസാരിക്കുന്നത്. ഞങ്ങള്‍ കുറേ നിര്‍മാതാക്കളുടെ അടുത്തുപോയി. പക്ഷേ അവര്‍ക്കൊന്നും ഇത് മനസിലാകുന്നില്ല. ‘നീ എന്നെ കാണുന്നില്ലേ? ഞാനൊരു നിര്‍മാതാവ് അല്ലേ? ഞാന്‍ ഒരു നടന്‍ മാത്രമാണെന്നാണോ?’ എന്നൊക്കെയാണ് അപ്പോള്‍ എന്റെ മനസില്‍. അങ്ങനെയാണ് ലോകഃയെ കുറിച്ച് നിമിഷ് സംസാരിക്കുന്നത്. ലോകഃയുടെ ഐഡിയ ഞാന്‍ കേട്ടു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എങ്ങനെ ചെയ്യണം എന്ന് എനിക്കറിയില്ല, പക്ഷേ നമ്മള്‍ ഇത് ചെയ്യാന്‍ പോകുന്നു എന്ന മനോഭാവമായിരുന്നു തനിക്കെന്നും ദുല്‍ഖര്‍ പറഞ്ഞു.

ലോകഃയെ കുറിച്ച് സംസാരിക്കാന്‍ സംവിധായകന്‍ ഡൊമിനിക് അരുണിനൊപ്പം എപ്പോഴും നിമിഷും വരാറുണ്ട്. നിമിഷ് ആണ് ഈ സിനിമയുടെ സംവിധായകനെന്നാണ് തന്റെ ഉമ്മച്ചി (സുല്‍ഫത്ത്) ആദ്യം വിചാരിച്ചതെന്നും പിന്നീട് ഡൊമിനിക്കാണ് സംവിധായകനെന്ന് താന്‍ പറയുകയായിരുന്നെന്നും ദുല്‍ഖര്‍ ചിരിച്ചുകൊണ്ട് ഓര്‍ക്കുന്നു.

തന്റെ സുഹൃത്തായ കല്യാണി പ്രിയദര്‍ശനെ ദുല്‍ഖര്‍ വാനോളം പുകഴ്ത്തി. ചന്ദ്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കല്യാണിയല്ലാതെ മറ്റാരും ഇല്ലെന്നാണ് തനിക്കു തോന്നുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.

Related Posts