ഹൈദരാബാദ്: ഓണ റിലീസ് ഹിറ്റ് ചിത്രം ലോകഃ ചാപ്റ്റര്‍ വണ്‍- ചന്ദ്രയുടെ അഭിനയതാക്കളെയും അണിയറ പ്രവർത്തകരെയും ഒരുപോലെ പ്രശംസിച്ച് നടനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍. ലോകഃയുടെ തെലുങ്ക് പതിപ്പായ ‘കൊത്ത ലോക’യുടെ സക്‌സസ് സെലിബ്രേഷനില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍. മികച്ച അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരുമാണ് ചിത്രത്തിനുവേണ്ടി അണിനിരന്നതെന്നും ‘കുറുപ്പും’ ‘കിങ് ഓഫ് കൊത്ത’യും നിര്‍മിക്കാന്‍ ആവശ്യമായ അത്ര ബഡ്ജറ്റ് തന്നെ ലോകഃയ്ക്കും ചിലവാക്കിയിട്ടുണ്ടെന്നും പറഞ്ഞു.
‘ഞങ്ങടെ ഏഴാമത്തെ പ്രൊഡക്ഷനാണ്. ‘ലോക’യെക്കാള്‍ സന്തോഷവും പോസിറ്റിവിറ്റിയും നിറഞ്ഞ ക്രൂവും കാസ്റ്റും മറ്റൊരു സിനിമയിലും ഉണ്ടാവില്ല. എല്ലാവരും ചിത്രത്തിനായി തങ്ങളുടെ ഹൃദയവും ആത്മാവും നല്‍കി. മികച്ച സാങ്കേതികപ്രവര്‍ത്തകരും അഭിനേതാക്കളും ചിത്രത്തിനുവേണ്ടി അണിനിരന്നു. നിര്‍മാതാവെന്ന നിലയില്‍ ഒന്നോ രണ്ടോ തവണ മാത്രമേ എനിക്ക് ചിത്രത്തിന്റെ സെറ്റിലേക്ക് വരേണ്ടി വന്നിട്ടുള്ളൂ. എഡിറ്റും ഒന്നോ രണ്ടോ തവണയേ കണ്ടിട്ടുള്ളൂ. അത് എനിക്ക് ടീമിലുള്ള വിശ്വാസംകൊണ്ടാണ്’, ദുല്‍ഖര്‍ പറഞ്ഞു.
വേഫറർ ഫിലിംസിന്റെ ആദ്യ നിർമ്മിതിയായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ നസ്ലിൻ എത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. “നസ്ലിനോട് സംസാരിച്ചാൽ എന്ത് ക്യൂട്ടാണെന്ന് മനസ്സിലാകും, ഒരു ബാഗിൽ തൂക്കി വീട്ടിലേക്ക് കൊണ്ടുപോകൻ തോന്നും,” ദുൽഖർ പറഞ്ഞു. “ചന്തുവിന്റെ അച്ഛൻ ഒരു ഇതിഹാസം തന്നെ. അദ്ദേഹത്തോടൊപ്പം ഞാൻ അഭിനയിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. അച്ഛനെപ്പോലെ തന്നെയാണ് ചന്തുവും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിമിഷുമായി തനിക്ക് ഏറെക്കാലത്തെ ബന്ധമുണ്ടെന്നും, തന്റെ ഏറ്റവും അടുത്ത ടെക്‌നീഷ്യൻ സുഹൃത്ത് നിമിഷാണെന്നും ദുൽഖർ പറഞ്ഞു. “ലോകഃയിലേക്ക് എന്നെ എത്തിച്ചത് നിമിഷാണ്. അതിന് ഞാൻ എന്നും നന്ദിയുള്ളവനാകും. കിങ് ഓഫ് കൊത്തയുടെ സമയത്താണ് അവൻ ഈ കഥയെക്കുറിച്ച് പറഞ്ഞത്. പല നിർമാതാക്കൾക്കും ഇത് മനസിലാവുന്നില്ലെന്നും പറഞ്ഞപ്പോൾ, ‘ഞാനും ഒരു നിർമ്മാതാവല്ലേ, വെറും നടനല്ലല്ലോ’ എന്ന് ചോദിച്ച്, കഥ പറയാൻ ആവശ്യപ്പെട്ടു. കേട്ടപ്പോൾ തന്നെ ഇഷ്ടമായി. എങ്ങനെ നടത്തുമെന്ന് അറിയാത്തിരുന്നെങ്കിലും അത് തീർച്ചയായും ചെയ്യണമെന്ന് ഉറപ്പിച്ചിരുന്നു,” ദുൽഖർ ഓർത്തെടുത്തു.
“ലോക കുറഞ്ഞ ബഡ്ജറ്റിൽ ചെയ്ത ചിത്രമാണ് എന്നൊരു ധാരണ പലർക്കുമുണ്ട്. പക്ഷേ, സത്യത്തിൽ മലയാളത്തിൽ കുറുപ്പ്, കിങ് ഓഫ് കൊത്ത എന്നീ ചിത്രങ്ങൾക്ക് എത്ര ബജറ്റുണ്ടായിരുന്നോ, അതുതന്നെയാണ് ലോകയ്ക്കും ഉണ്ടായിരുന്നത്. അത് ഞങ്ങൾക്ക് വലിയ ബഡ്ജറ്റാണ്. ഒരു രൂപ പോലും പാഴാക്കിയതായി തോന്നുന്നില്ല; ചെലവഴിച്ച ഓരോ രൂപയും ചിത്രത്തിൽ പ്രതിഫലിക്കുന്നു. അതിന്റെ മുഴുവൻ ക്രെഡിറ്റും ടീമിനാണ്,” ദുൽഖർ വ്യക്തമാക്കി.