കൊച്ചി: ബോക്സ് ഓഫീസിൽ ചരിത്രം തിരുത്തി മുന്നേറുകയാണ് കല്യാണി പ്രിയദർശൻ കേന്ദ്രപാത്രമായി എത്തിയ ലോകഃ – ചാപ്റ്റർ 1. റിലീസായി ഏഴാം ദിവസം നൂറു കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ് ലോകഃ. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ഡൊമിനിക് അരുൺ ചിത്രം. നായിക കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം തെന്നിന്ത്യയിൽ തന്നെ നൂറു കോടി ക്ലബ്ബിൽ ഇടംപിടിക്കുന്നതും അപൂർവ്വ കാഴ്ചയാണ്.
2016 പുറത്തിറങ്ങിയ പുലിമുരുഖനാണ് നൂറു കോടി ക്ലബ്ബിൽ ഇടംപിടിച്ച ആദ്യ ചിത്രം. ലൂസിഫർ, 2018, മഞ്ഞുമൽ ബോയ്സ് തുടങ്ങി മാർക്കോ വരെ 2024ൽ പുറത്തിറങ്ങിയ 9 ചിത്രങ്ങളാണ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. 2025ൽ മാത്രം ഇതുവരെ രണ്ട് ചിത്രങ്ങൾ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. മോഹൻലാൽ നായകനായി എത്തിയ എംപുരാനും തുടരുവുമാണ് നൂരു കോടി അടിച്ചത്.
റിലീസ് ചെയ്തു ഏഴാം ദിവസത്തിലേക്ക് എത്തുമ്പോള്‍ തന്നെ ‘ലോകഃ’ നൂറ് കോടി ഉറപ്പിച്ചുകഴിഞ്ഞു. റിലീസ് ദിനത്തില്‍ 2.70 കോടി മാത്രമായിരുന്നു ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ ഇത് നാല് കോടി കടന്നു. പിന്നീടങ്ങോട്ട് ഒരുദിവസം പോലും ഏഴ് കോടിയില്‍ കുറഞ്ഞിട്ടില്ല ഇന്ത്യ നെറ്റ് കളക്ഷന്‍. റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച 10.1 കോടിയാണ് ചിത്രം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത്. പ്രവൃത്തിദിനമായ തിങ്കളാഴ്ച 7.2 കോടിയും ഇന്നലെ (ചൊവ്വ) 7.35 കോടിയുമാണ് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. ഉത്രാടം, തിരുവോണം ദിനങ്ങളില്‍ ഇന്ത്യ നെറ്റ് കളക്ഷന്‍ എട്ട് കോടി കടക്കുമെന്ന് ഉറപ്പാണ്. മാത്രമല്ല തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രത്തിനു ലഭിക്കുന്ന സ്വീകാര്യത ബോക്‌സ്ഓഫീസിലും അതിവേഗ മുന്നേറ്റത്തിനു കാരണമായി.
ലോകഃയ്ക്കു മലയാളത്തിനു പുറത്തു ലഭിക്കുന്ന സ്വീകാര്യത നിര്‍മാതാക്കളായ വേഫറര്‍ ഫിലിംസിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ലോകഃയുടെ ഹിന്ദി പതിപ്പും ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉടന്‍ തന്നെ ഹിന്ദി പതിപ്പ് തിയറ്ററുകളിലെത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ ഹിന്ദി പതിപ്പിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കും.