Cinema Entertainment Homepage Featured

പാന്‍ ഇന്ത്യന്‍ ആകുമോ ലോകഃ?; ഓണം കല്യാണിക്കൊപ്പം

ബോക്‌സ്ഓഫീസ് രാജാവ് മോഹന്‍ലാലിനും ‘ലോകഃ’യുടെ പടയോട്ടത്തിനു തടയിടാനായില്ല. ഓണം വിന്നര്‍ ആരെന്ന ചോദ്യത്തിനു പ്രസക്തിയില്ലാത്ത വിധം ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ പ്രേക്ഷകര്‍ നെഞ്ചിലേറ്റുകയാണ്.

റിലീസ് ചെയ്തു ഏഴാം ദിവസത്തിലേക്ക് എത്തുമ്പോള്‍ തന്നെ ‘ലോകഃ’ നൂറ് കോടി ഉറപ്പിച്ചുകഴിഞ്ഞു. മറുവശത്ത് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വ്വം’ തരക്കേടില്ലാത്ത കളക്ഷനോടെ മുന്നേറുന്നുണ്ടെങ്കിലും ഒരുതരത്തിലും ‘ലോകഃ’യ്ക്കു ഭീഷണി ഉയര്‍ത്തുന്നില്ല.

ലോകഃ കളക്ഷന്‍

റിലീസ് ദിനത്തില്‍ 2.70 കോടി മാത്രമായിരുന്നു ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ ഇത് നാല് കോടി കടന്നു. പിന്നീടങ്ങോട്ട് ഒരുദിവസം പോലും ഏഴ് കോടിയില്‍ കുറഞ്ഞിട്ടില്ല ഇന്ത്യ നെറ്റ് കളക്ഷന്‍. റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച 10.1 കോടിയാണ് ചിത്രം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത്. പ്രവൃത്തിദിനമായ തിങ്കളാഴ്ച 7.2 കോടിയും ഇന്നലെ (ചൊവ്വ) 7.35 കോടിയുമാണ് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. ഉത്രാടം, തിരുവോണം ദിനങ്ങളില്‍ ഇന്ത്യ നെറ്റ് കളക്ഷന്‍ എട്ട് കോടി കടക്കുമെന്ന് ഉറപ്പാണ്. മാത്രമല്ല തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രത്തിനു ലഭിക്കുന്ന സ്വീകാര്യത ബോക്‌സ്ഓഫീസിലും അതിവേഗ മുന്നേറ്റത്തിനു കാരണമായി.

ഹൃദയപൂര്‍വ്വം

ഓണം റിലീസുകളില്‍ രണ്ടാം സ്ഥാനത്ത് ഹൃദയപൂര്‍വ്വമാണ്. എന്നാല്‍ ലോകഃയുടെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൃദയപൂര്‍വ്വം വളരെ പിന്നിലുമാണ്. ആറാം ദിനം ഏഴ് കോടിക്ക് മുകളില്‍ ലോകഃ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വ്വം’ രണ്ട് കോടി മാത്രമാണ് കളക്ട് ചെയ്തത്. ലോകഃയുടെ പകുതിയേക്കാള്‍ കുറവാണിത്. ആറ് ദിവസം പിന്നിടുമ്പോള്‍ ഹൃദയപൂര്‍വ്വത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 16.25 കോടിയാണ്. ലോകഃയുടേത് 40 കോടിയും. ഇരു സിനിമകളും തമ്മിലുള്ള ഇന്ത്യ നെറ്റ് കളക്ഷന്‍ വ്യത്യാസം 23 കോടിക്ക് മുകളിലാണ്.

പാന്‍ ഇന്ത്യന്‍ ആകുമോ ലോകഃ?

ലോകഃയ്ക്കു മലയാളത്തിനു പുറത്തു ലഭിക്കുന്ന സ്വീകാര്യത നിര്‍മാതാക്കളായ വേഫറര്‍ ഫിലിംസിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ലോകഃയുടെ ഹിന്ദി പതിപ്പും ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉടന്‍ തന്നെ ഹിന്ദി പതിപ്പ് തിയറ്ററുകളിലെത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ ഹിന്ദി പതിപ്പിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കും.

Related Posts