ചെന്നൈ: ചലച്ചിത്ര നിർമ്മാണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് പ്രശസ്ത സംവിധായകൻ വെട്രിമാരൻ. വാർത്താസമ്മേളനം വിളിച്ചാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. വിസാരണൈ, വട ചെന്നൈ, അസുരന്‍ തുടങ്ങി ഒട്ടേറെ ചർച്ചയായ തമിഴ് ചിത്രങ്ങളുടെ സംവിധായകനാണ് വെട്രിമാരന്‍. സംവിധാനരംഗത്ത് പ്രശസ്തിയിൽ തുടരുമ്പോഴും . കാക്കമുട്ടൈ, കൊടി, ലെന്‍സ്, സംഗത്തലൈവന്‍, തുടങ്ങിയ തമിഴില്‍ ഏറെ പ്രശംസ നേടിയ ചിത്രങ്ങള്‍ വെട്രിമാരന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗ്രാസ് റൂട്ട് ഫിലിംസിലൂടെ തമിഴകത്ത് നിറഞ്ഞു. കാക്കമുട്ടൈ ഉൾപ്പടെയുള്ള ചിത്രങ്ങൾ മലയാളത്തിലും നിരൂപക പ്രശംസ നേടിയെടുത്തു.
താന്‍ നിര്‍മിക്കുന്ന അവസാന ചിത്രമാകും നിലവിൽ പുറത്തിറങ്ങാൻ പോകുന്ന ബാഡ് ഗേള്‍ എന്ന് വെട്രിമാരന്‍ അറിയിച്ചു. ബാഡ് ഗേളും അതിന് മുമ്പ് നിര്‍മിച്ച ഗോപി നൈനാര്‍ സംവിധാനം ചെയ്ത ‘മാനുഷി’യും കാരണമുണ്ടായ വിവാദങ്ങളാണ് പ്രഖ്യാപനത്തിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ രണ്ട് ചിത്രങ്ങളുടേയും പേരിൽ സെന്‍സര്‍ ബോര്‍ഡുമായുണ്ടായ തര്‍ക്കങ്ങളുമാണ് ഇത്തരത്തിൽ തീരുമാനത്തിലേക്ക് എത്താൻ തന്നെ നിർബന്ധിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.
ടീസറിനേയും ട്രെയിലറിനേയും കുറിച്ചുള്ളത് ഉള്‍പ്പെടെ സിനിമയെ കുറിച്ചുള്ള ഓരോ അഭിപ്രായങ്ങളേയും ജാഗ്രതയോടെ സമീപിക്കണം. ഈ ഘടകങ്ങളെല്ലാം സിനിമയുടെ വരുമാനത്തെ ബാധിക്കുന്നതിനാല്‍ നിര്‍മാതാവിനുമേലുള്ള അധികസമ്മര്‍ദമാകും ഇത്. ‘മാനുഷി’ ഇപ്പോള്‍ തന്നെ കോടതി പരിഗണനയിലാണ്. നിര്‍മാതാവായതിനാല്‍ ഞാന്‍ വളരെ ശ്രദ്ധാലുവായിരിക്കേണ്ടതുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബാഡ് ഗേളിൽ ഉയർന്ന അഭ്യൂഹങ്ങൾ തെറ്റിദ്ധാരണകളാണെന്നും ചിത്രം അത്തരത്തിലൊരു ചിത്രമല്ലെന്നും അതിന്റെ പേരിൽ വേട്ടയാടിയെന്നും വെട്രിമാരൻ പറയുന്നു.
















