ഭ്രമയുഗത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ തീയറ്റുറുകളിലെത്തി. ഒരു പെൺകുട്ടിയുടെ ആത്മഹത്യയും അതേ തുടർന്നുണ്ടാകുന്ന ഞെട്ടിക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥ. ഞെട്ടിക്കുന്ന ദൃശ്യാനുഭവം എന്നാണ് ആദ്യ റിപ്പോർട്ട്. അതിഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിനു ലഭിക്കുന്നത്.
മുന്‍ സിനിമകളെ പോലെ ഡീയസ് ഈറേയും ഹൊറര്‍ ഴോണറിലാണ് രാഹുല്‍ സദാശിവന്‍ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന റോഹന്‍ എന്ന കഥാപാത്രത്തിലൂടെയാണ് കഥ പറച്ചില്‍. ചിത്രത്തിന്റെ സിനോപ്‌സിസ് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
രാഹുല്‍ സദാശിവന്റെ തന്നെ ‘ഭൂതകാലം’ എന്ന ചിത്രത്തോടു ഡീയസ് ഈറേയുടെ സിനോപ്‌സിസിനു സാമ്യമുണ്ട്. താമസിക്കുന്ന വീട്ടില്‍ ഒരു സൂപ്പര്‍ നാച്വറല്‍ ശക്തിയുടെ സാന്നിധ്യമുണ്ടെന്ന് റോഹനു തോന്നുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ. ഇതേ തുടര്‍ന്ന് ഭയവിഹ്വലനായ റോഹന്റെ കഥാപാത്രം വളരെ സങ്കീര്‍ണമായ മാനസികാവസ്ഥയിലൂടെ കടന്നുപോകുകയും ഈ പ്രശ്‌നങ്ങളുടെയെല്ലാം ചുരുളഴിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
പ്രണവിനെ കൂടാതെ മനോഹരി ജോയ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. രാഹുല്‍ സദാശിവന്‍ തന്നെയാണ് തിരക്കഥ. സംഗീതം ക്രിസ്റ്റോ സേവ്യര്‍, ക്യാമറ ഷെഹ്നാദ് ജലാല്‍.
















