സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്നോ നാളെയോ പ്രഖ്യാപിക്കും. 2024 ലെ പുരസ്‌കാര പ്രഖ്യാപനമാണ് നടക്കാന്‍ പോകുന്നത്. സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് പ്രഖ്യാപനം നടത്തുക.
മികച്ച നടനുള്ള കാറ്റഗറിയില്‍ മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവന്‍, ടൊവിനോ തോമസ് എന്നിവരാണ് അന്തിമ പട്ടികയില്‍. അതില്‍ തന്നെ ഭ്രമയുഗത്തിലെ അഭിനയത്തിനു മമ്മൂട്ടിക്കും ലെവല്‍ ക്രോസ്, കിഷ്‌കിന്ധാകാണ്ഡം എന്നീ ചിത്രങ്ങളിലൂടെ ആസിഫ് അലിക്കുമാണ് കൂടുതല്‍ സാധ്യത.
മികച്ച നടിക്കുള്ള കാറ്റഗറിയിലും ശക്തമായ പോരാട്ടം നടക്കുന്നതായാണ് വിവരം. സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തിലെ അഭിനയിത്തിനു നസ്രിയ നസീം ഇത്തവണ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. രേഖാചിത്രത്തിലെ പ്രകടനത്തിനു അനശ്വര രാജന്‍, ബോഗയ്ന്‍വില്ലയിലെ അഭിനയത്തിനു ജ്യോതിര്‍മയി, ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിനു ഷംല ഹംസ എന്നിവരും മികച്ച നടിക്കായുള്ള കാറ്റഗറിയില്‍ ഉണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാം ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത് ‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന ചിത്രത്തിലെ അഭിനയത്തിനു കനി കുസൃതിയും ദിവ്യ പ്രഭയുമാണ്.
പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയിലേക്ക് എത്തിയത്. മികച്ച സിനിമകളുടെ കാറ്റഗറിയില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിനാണ് ആധിപത്യം. കിഷ്‌കിന്ധാകാണ്ഡം, ഫെമിനിച്ചി ഫാത്തിമ, മലൈക്കോട്ടൈ വാലിബന്‍, പ്രഭയായ് നിനച്ചതെല്ലാം എന്നീ സിനിമകളും അന്തിമ പട്ടികയിലുണ്ട്.
നടന്‍ പ്രകാശ് രാജാണ് ഇത്തവണ ജൂറി ചെയര്‍മാന്‍.
















