അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. അമല്‍ സംവിധാനം ചെയ്തു 2012 ല്‍ പുറത്തിറങ്ങിയ ബാച്ച്ലര് പാര്‍ട്ടിയുടെ രണ്ടാം ഭാഗം ഒരുക്കാനാണ് ആലോചന. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.
നസ്ലന് ആയിരിക്കും നായകവേഷത്തില്‍. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന വേഷങ്ങളിലെത്തും. ബാച്ച്ലര് പാര്‍ട്ടിയില്‍ പ്രധാന വേഷങ്ങളിലെത്തിയ താരങ്ങളില്‍ ആരെങ്കിലും ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ടൊവിനോ തോമസ് കാമിയോ വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത.
‘ബോഗയ്ന്‍വില്ല’യാണ് അമല്‍ അവസാനമായി ഒരുക്കിയ ചിത്രം. തിയറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാന്‍ ഈ ചിത്രത്തിനു സാധിച്ചിരുന്നില്ല. മോഹന്‍ലാലിനെ നായകനാക്കി അമല്‍ നീരദ് സിനിമയൊരുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അമല്‍-മോഹന്‍ലാല്‍ പ്രൊജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നാണ് വിവരം.
അതേസമയം ഈ പ്രൊജക്ടിനു ശേഷം ഒരു സൂപ്പര്‍താര ചിത്രമായിരിക്കും അമല്‍ സംവിധാനം ചെയ്യുക. മമ്മൂട്ടിയായിരിക്കും നായകവേഷത്തില്‍ എത്തുകയെന്നും വിവരമുണ്ട്. 2026 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. എന്നാല്‍ ഇത് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ആയിരിക്കില്ല. മറ്റൊരു തിരക്കഥയില്‍ ആണ് മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കാന്‍ പോകുന്നതെന്ന് വിവരമുണ്ട്.
2012 ല്‍ പുറത്തിറങ്ങിയ ബാച്ച്ലര് പാര്‍ട്ടിയില്‍ ആസിഫ് അലി, കലാഭവന്‍ മണി, റഹ്മാന്, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, വിനായകന് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
















